നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി; അടിയൊഴുക്ക് പരിശോധിച്ച് അടിത്തട്ടിലിറങ്ങും

ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂർ അംഗോല ദേശീയപാത 66ൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ (30) കണ്ടെത്താനായി തിരച്ചിൽ തുടരുന്നു. നദിക്കടിയിൽ കണ്ടെത്തിയ അർജുന്‍റെ ലോറിക്കടുത്തേക്കെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. നിലവിൽ മൂന്ന് ബോട്ടുകളിലായി 15 അംഗസംഘം പുഴയിലെ അടിയൊഴുക്ക് പരിശോധിക്കുകയാണ്. അടിയൊഴുക്ക് അനുകൂലമാണെങ്കിൽ അടിത്തട്ടിലേക്കിറങ്ങി പരിശോധന നടത്തും. വെള്ളത്തിലുള്ള വസ്തുക്കളെ വ്യക്തതയോടെ കാണാനാകുന്ന ഐബോഡ് ഡ്രോണിന്‍റെ സഹായവും ഉപയോഗപ്പെടുത്തും. ഇതിന്‍റെ ബാറ്ററി ഷിരൂരിൽ എത്തിച്ചു.

അർജുന്‍റെ ലോറി ഗംഗാവലി നദിയിലുണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും കാരണം രക്ഷാപ്രവർത്തനം തുടരാനായിരുന്നില്ല. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ അടിയൊഴുക്കാണ് നദിയിലുള്ളത്.

കരയിൽ നിന്ന് 40 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ചയിലാണ് അർജുന്‍റെ ലോറിയുള്ളതായി ഇന്നലെ കണ്ടെത്തിയത്. നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിലാണ് ലോറിയുള്ളത്. എത്രത്തോളം മണ്ണ് നദിയിൽ ലോറിക്ക് മുകളിലുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുള്ളു.

ലോറിക്കുള്ളിൽ ആരെങ്കിലുമുണ്ടോ എന്ന കാര്യമാണ് ആദ്യം പരിശോധിക്കുക. ഉണ്ടെങ്കിൽ പുറത്തെടുത്ത ശേഷമാകും ലോറി ഉയർത്തുക. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം.

കര-നാവിക സേനകളും എൻ.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. കൂടുതൽ വലിയ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് ഒരുക്കം. 

Tags:    
News Summary - Ankola rescue updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.