അഹ്മദാബാദ്: രാജ്യത്ത് കോവിഡ് 19ന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി പടർന്നുപിടിക്കുന്നതിനിടെ കൊറോണ വൈറസിനെതിരെ മരുന്ന് വികസിപ്പിച്ചതായി അവകാശവാദം. 21 ഔഷധ സസ്യങ്ങളിൽനിന്ന് വികസിപ്പിച്ചെടുത്ത ദ്രാവക രൂപത്തിലെ മരുന്നായ 'ആയുധ് അഡ്വാൻസ്' ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചതായാണ് കമ്പനിയുടെ വിലയിരുത്തൽ.
ശുക്ല അഷർ ഇംപെക്ട് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. റെംഡെസിവിറിനേക്കാൾ മൂന്ന് മടങ്ങ് ആയുധ് അഡ്വാൻസ് ഫലപ്രദമാണെന്നും പറയുന്നു.
നാളികേരം, ചോളം, കറുവപ്പട്ട, വേപ്പ്, മല്ലി, കരിമ്പ്, യൂക്കാലിപ്റ്റ്സ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.
അഹ്മദാബാദിലെ രണ്ടു സർക്കാർ ആശുപത്രിയിൽ രണ്ടുതവണ മനുഷ്യനിൽ പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് മരുന്നിന്‍റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നാലു ദിവസത്തിനകം കോവിഡ് രോഗികളിൽ ൈവറസ് സാന്നിധ്യം ഇല്ലാതാക്കും. കൂടാതെ മറ്റു പാർശ്വഫലങ്ങൾ ഇല്ലെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. കൊറോണ വൈറസ് നെഗറ്റീവാകുന്നതിനൊപ്പം രോഗലക്ഷണങ്ങളായ ഉയർന്ന ശരീര താപനില, ചുമ, ശ്വാസതടസം എന്നിവക്കും ഫലപ്രദമാണത്രേ.
ചെറിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരിൽ 'ആയുധ് അഡ്വാൻസ്' ഫലപ്രദമാണെന്ന് തെളിയിച്ചതായി 'കൺടെംപററി ക്ലിനിക്കൽ ട്രയൽസ് കമ്യൂണിക്കേഷൻ' ലേഖനത്തിൽ പറയുന്നു. കൂടാതെ 'ആയുധ് അഡ്വാൻസി'ന്‍റെ വിവരങ്ങൾ യു.എസ്.എ സർക്കാറിന്‍റെ നാഷനൽ സെന്‍റർ േഫാർ ബയോടെക്നോളജി ഇൻഫർേമഷൻ -നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വെബ്സൈറ്റിലും (https://www.ncbi.nlm.nih.gov/pmc/articles/PMC7948525) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 20നായിരുന്നു ആദ്യ ക്ലിനിക്കൽ പരീക്ഷണം. അഹ്മദാബാദിെല എൻ.എച്ച്.എൽ മുനിസിപ്പൽ മെഡിക്കൽ കോളജ്, എസ്.വി.പി.ഐ.എം.എസ്.ആർ എല്ലിസ്ബ്രിഡ്ജ് എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട പരീക്ഷണം. 2021 ജനുവരിയിലായിരുന്നു രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം. ജി.എം.ഇ.ആർ.എസ് മെഡിക്കൽ കോളജിലായിരുന്നു രണ്ടാംഘട്ട പരീക്ഷണം. രണ്ടു പരീക്ഷണങ്ങളിലും മരുന്ന് ചെറിയ രോഗലക്ഷണങ്ങളിലുള്ളവരിൽ വിജയകരമായിരുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.