മൈസൂരു: കൂലിത്തൊഴിലാളി പരിപാലിക്കുന്ന ലൈബ്രറി തീയിട്ട് നശിപ്പിച്ചതറിഞ്ഞ് സഹായവുമായി സോഷ്യൽ മീഡിയ. മൈസൂരുവിന് സമീപം 62കാരനായ സെയ്ദ് ഇസ്ഹാഖ് പരിപാലിക്കുന്ന പൊതുലൈബ്രറി വെള്ളിയാഴ്ചയാണ് അജ്ഞാതർ തീയിട്ട് നശിപ്പിച്ചത്.
ലൈബ്രറിയിൽ 11,000 പുസ്തകങ്ങളുണ്ടായിരുന്നു. ഇതിൽ കൂടുതലും കന്നഡയിലായിരുന്നു. 2011 മുതൽ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. എല്ലാ മതങ്ങളുടെയും പുസ്തകങ്ങളും പത്രങ്ങളും ഇവിടെയുണ്ടായിരുന്നു. ഇവയെല്ലാമാണ് കത്തിനശിച്ചത്.
സംഭവത്തെ തുടർന്ന് ഇസ്ഹാഖ് പൊലീസിൽ പരാതി നൽകി. കന്നഡ ഭാഷയെ വെറുക്കുന്നവർ തീയിട്ടതാകാമെന്ന് ഇദ്ദേഹം ആരോപിക്കുന്നു. 'കന്നഡയെ വെറുക്കുന്ന അല്ലെങ്കിൽ ഇഷ്ടപ്പെടാത്തവരാണിത് ചെയ്തത്. ഇവിടെ ഒരു ലൈബ്രറി നിർബന്ധമാണ്. കാരണം ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവാണ്' -ഇസ്ഹാഖ് പറയുന്നു.
സംഭവം അറിഞ്ഞതോടെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇദ്ദേഹത്തിന് വീണ്ടും ലൈബ്രറി ഒരുക്കാനായി എല്ലാവരും ഒരുമിച്ചു. ഇങ്ങനെ 13 ലക്ഷം രൂപയാണ് ഇവർ സമാഹരിച്ചത്.
'സംഭവിച്ചതെല്ലാം നന്മക്കാണ്. വിദ്യാഭ്യാസം ഇവിടെ ആവശ്യമാണ്. ഒരു മികച്ച പുസ്തകം 100 നല്ല സുഹൃത്തുക്കൾക്ക് തുല്യമാണ്. നിങ്ങൾക്ക് ചിലപ്പോൾ 100 ആളുകളുമായി സുഹൃദ് ബന്ധം ഉണ്ടാകാം, അവരിൽ പലരും ചിലപ്പോൾ നിങ്ങളെ വഞ്ചിച്ചേക്കാം. പക്ഷെ ഒരു പുസ്തകം ഒരിക്കലും നിങ്ങളെ വഞ്ചിക്കുകയില്ല -ഇസ്ഹാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.