ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളിൽ ഒന്നുകൂടി ചത്തു. ഇതോടെ, മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ നാല് മാസത്തിനിടെ ഏട്ടു ചീറ്റകൾക്കാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സൂരജ് എന്ന് പേരിട്ട ചീറ്റയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജീവൻ നഷ്ടമാവാനുള്ള കാരണം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ ആകെ ചീറ്റകളുടെ എണ്ണം 10 ആയി ചുരുങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദേശീയ പാർക്കിൽ മറ്റൊരു ആൺ ചീറ്റയായ 'തേജസി'നെ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു പെൺചീറ്റയുമായുണ്ടായ പോരാട്ടത്തിൽ പരിക്കേറ്റ ചീറ്റയ്ക്ക് "ട്രോമാറ്റിക് ഷോക്ക്" ൽ നിന്ന് കരകയറാൻ കഴിഞ്ഞില്ലെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17 നാണ് എട്ട് നമീബിയൻ ചീറ്റകളെ കൊണ്ടുവന്നത്. ഈ വർഷം ഫെബ്രുവരി 18 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താൽപര്യമെടുത്ത് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി കൊണ്ടുവന്നത്. കാലാവസ്ഥ വ്യതിയാനവും നിർജ്ജലീകരണവുമാണ് കൂടുതൽ ചീറ്റകൾക്കും ജീവൻ നഷ്ടമാകാൻ ഇടയാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.