ന്യൂഡൽഹി: പാർലമെൻറ് സമുച്ചയത്തിൽ ഉന്നത ഉദ്യോഗസ്ഥന് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 28ന് ജോലിയിലുണ്ടായിരുന്ന ഡയറക്ടർ തസ്തികയിലുള്ള ഓഫിസർക്കും കുടുംബാംഗങ്ങൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടർന്ന് അദ്ദേഹത്തിെൻറ ഓഫിസ് സ്ഥിതിചെയ്യുന്ന പാർലമെൻറിലെ രണ്ട് നിലകൾ അടച്ചിട്ടു.
പാർലമെൻറിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത നാലാമത്തെ കോവിഡ് കേസാണിത്. മേയ് മൂന്നിന് പാർലമെൻറ് പ്രവർത്തനം പുനരാരംഭിച്ച ശേഷമാണ് നാലുപേർക്കും രോഗം കണ്ടെത്തിയത്. മാർച്ച് 23ന് ബജറ്റ് സെഷൻ മാറ്റിവച്ചതു മുതൽ വീട്ടിൽ കഴിയുകയായിരുന്ന ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരനാണ് ആദ്യമായി കോവിഡ് ബാധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് മറ്റൊരാൾ. എഡിറ്റോറിയൽ ആൻഡ് ട്രാൻസ്ലേഷൻ (ഇ ആൻഡ് ടി) വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ച നാലാമത്തെയാൾക്കും രോഗം കണ്ടെത്തിയതോടെ കെട്ടിടങ്ങളും പരിസരവും അധികൃതർ അണുവിമുക്തമാക്കി. ശക്തമായ മുൻകരുതൽ നടപടികളും കൈക്കൊള്ളുന്നുണ്ട്. വിശദപരിശോധനക്ക് ശേഷം മാത്രമേ ജീവനക്കാർക്ക് പാർലമെൻറിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങളും അണുവിമുക്തമാക്കും.
പാർലമെൻറിലും സമീപ കെട്ടിടങ്ങളിലും ജോലി ചെയ്യുന്ന ചില ജീവനക്കാർക്കും കോവിഡ് ലക്ഷണം ഉള്ളതായി ഇന്ത്യ ടി.വി റിപ്പോർട്ട് ചെയ്തു. പാർലമെൻറ് സമുച്ചയത്തിന് സമീപം കൃഷി ഭവൻ, ശാസ്ത്രി ഭവൻ, നിതി ആയോഗ് തുടങ്ങി നിരവധി ഓഫിസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.