ഇംഫാൽ: വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വനിതകളെ നഗ്നരാക്കി നടത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിനു പിന്നാലെ സ്ത്രീകൾക്കു നേരെയുണ്ടായ ക്രൂരമായ ലൈംഗികാതിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സംഘർഷത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയായ ഒരു യുവതികൂടി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 37കാരിയാണ് മേയിൽ നടന്ന സംഭവത്തെക്കുറിച്ച് പരാതി നൽകിയത്. ചുരാചന്ദ്പൂർ ജില്ലയിൽ അക്രമികൾ തീവെച്ച വീട്ടിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ തനിക്കുണ്ടായ ക്രൂരമായ അതിക്രമങ്ങളാണ് യുവതി വെളിപ്പെടുത്തിയത്.
മേയ് മൂന്നിന് വൈകീട്ട് 6.30ഓടെയാണ് അക്രമികൾ യുവതിയുടെയും അയൽവാസികളുടെയും വീടുകൾക്ക് തീയിട്ടത്. ഇതോടെ യുവതിയും രണ്ടു മക്കളും യുവതിയുടെ അടുത്ത ബന്ധുക്കളും വീടുവിട്ടോടുകയായിരുന്നു. മക്കളെ ചുമലിലേറ്റിയാണ് ഒാടിയത്.
ഇതിനിടെ യുവതി വീണുപോവുകയായിരുന്നു. എഴുന്നേൽക്കാൻ കഴിയാതായതോടെ മക്കളെയും മറ്റുള്ളവരെയുംകൊണ്ട് രക്ഷപ്പെടാൻ ബന്ധുവിനോട് ആവശ്യപ്പെട്ടു. ഒരുവിധത്തിൽ എഴുന്നേറ്റപ്പോഴേക്കും ആറോളംവരുന്ന അക്രമികൾ യുവതിയെ പിടികൂടി. ഇവർ അസഭ്യം പറയാനും മർദിക്കാനും തുടങ്ങി. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതായും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
ചികിത്സക്കായി തലസ്ഥാനമായ ഇംഫാലിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ താൻ പോയെന്നും എന്നാൽ നേരിട്ട ക്രൂരത വിവരിക്കാൻ കഴിയാതെ ഡോക്ടറെ കാണാതെ മടങ്ങുകയായിരുന്നുവെന്നും അവർ പറഞ്ഞു. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു.
പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് ചൊവ്വാഴ്ച ഇംഫാലിലെ ജെ.എൻ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർമാരുടെ പരിചരണവും കൗൺസലിങ്ങും വഴിയാണ് മനോധൈര്യം വീണ്ടുകിട്ടിയത്. കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഓർത്തും സാമൂഹിക ബഹിഷ്കരണം ഭയന്നുമാണ് സംഭവം വെളിപ്പെടുത്താതിരുന്നത്.
സ്ത്രീകൾ തങ്ങൾ അനുഭവിച്ച കൊടും ക്രൂരതകൾ വിവരിക്കുന്നതുകണ്ടാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. കുറ്റവാളികളുടെ സംഘത്തിന് മതിയായ ശിക്ഷ നൽകണം-യുവതി പറഞ്ഞു. ചുരാചന്ദ്പൂരിൽനിന്ന് 35 കിലോമീറ്റർ അകലെ ബിഷ്ണുപൂരിലെ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.