മുംബൈ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ കൈക്കൂലി ആരോപണം നേരിടുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ ആരോപണവുമായി മറ്റൊരു കേസിലെ സാക്ഷി കൂടി രംഗത്ത്. മുംബൈയിലെ കാർഗറിൽ നൈജീരിയൻ സ്വദേശിയെ മയക്കുമരുന്നുമായി പിടികൂടിയെന്ന കേസിലെ സാക്ഷിയായ ശേഖർ കാംബ്ലി എന്നയാളാണ് ആരോപണമുന്നയിച്ചത്. നേരത്തെ, ആര്യൻ ഖാൻ കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാളും വാങ്കഡക്കെതിരെ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.
തന്നെക്കൊണ്ട് 10ലേറെ വെള്ളപ്പേപ്പറുകളിൽ സമീർ വാങ്കഡെ ഒപ്പിട്ടു വാങ്ങിയെന്നാണ് ശേഖർ കാംബ്ലി പറയുന്നത്. ഇതിൽ എഴുതിച്ചേർത്ത വിവരങ്ങളാണ് പിന്നീട് സാക്ഷിപ്രസ്താവനയായി നൽകിയത്. തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് വാങ്കഡെ ഉറപ്പുനൽകിയിരുന്നുവെന്ന് പറഞ്ഞ ശേഖർ കാംബ്ലി ഫോൺവിളി രേഖകളും പുറത്തുവിട്ടു.
കാർഗറിൽ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരെയാണ് എൻ.സി.ബി കസ്റ്റഡിയിലെടുത്തത്. കുട്ടിയെ അടുത്ത ദിവസം പോകാന്‍ അനുവദിച്ചു. നൈജീരിയന്‍ സ്വദേശിയായ കിംഗ്സ്ലി ഉക്വുസയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നില്ല. എന്നിട്ടും 60 ഗ്രാം എം.ഡി.എം.എ പിടികൂടിയെന്ന് കേസെടുത്തു. സാക്ഷിയായി തന്‍റെ പേരാണ് ചേര്‍ത്തത്.
സാക്ഷി എന്ന നിലയില്‍ പേപ്പറുകളില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍ അതിലെന്താണ് എഴുതിയതെന്ന് കണ്ടിട്ട് ഒപ്പിടാമെന്ന് താന്‍ പറഞ്ഞു. ആദ്യം ഒപ്പിടൂ, പിന്നീട് എഴുതിച്ചേര്‍ക്കുമെന്നാണ് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് താനും സുഹൃത്തും പേപ്പറുകളില്‍ ഒപ്പിട്ടുമടങ്ങിയെന്നും ശേഖര്‍ കാംബ്ലി പറഞ്ഞു. സമാനമായ അനുഭവം പ്രഭാകര്‍ സെയില്‍ എന്നയാള്‍ പറഞ്ഞതു കേട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ശേഖര്‍ കാംബ്ലെ വ്യക്തമാക്കി.
അന്ന് പിടികൂടിയ നൈജീരിയന്‍ സ്വദേശിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും നവി മുംബൈയിലെ ഒരു പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ഇയാളെന്നും എൻ.സി.ബി പറഞ്ഞിരുന്നു. ഇന്നലെ പേരു വെളിപ്പെടുത്താത്ത ഒരു എൻ.സി.ബി ഉദ്യോഗസ്ഥന്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന് അയച്ച കത്തില്‍ ഈ കേസും പരാമര്‍ശിച്ചിരുന്നു. സമീര്‍ വാങ്കഡെ നിരപരാധികളെ കേസില്‍പ്പെടുത്തിയെന്നാണ് കത്തിലെ ആരോപണം. പല റെയ്ഡുകളും നടപടിക്രമം പാലിച്ചല്ലെന്നും ബോളിവുഡ് താരങ്ങളെ കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും കത്തില്‍ ആരോപണമുണ്ടായിരുന്നു.
നൈജീരിയന്‍ സ്വദേശിയുടെ കേസില്‍ താന്‍ സാക്ഷിയായതിനാൽ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടാൽ എന്ത് പറയും എന്നാണ് ശേഖര്‍ കാംബ്ലിയുടെ ചോദ്യം. ആ പേപ്പറുകളിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് തനിക്കറിയില്ല. താന്‍ തെറ്റായ സാക്ഷിമൊഴി നല്‍കിയെന്ന് കോടതിക്ക് തോന്നിയാല്‍ തന്നെ ശിക്ഷിക്കില്ലേ എന്നും കാംബ്ലി ചോദിക്കുന്നു. 'ഇന്നലെ രാത്രി ഒരു എൻ.സി.ബി ഉദ്യോഗസ്ഥൻ എന്നെ വിളിച്ചു. ഞാൻ അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ അതിനെക്കുറിച്ച് സംസാരിക്കേണ്ടെന്നും എൻ.സി.ബി ഓഫിസിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു'- കാംബ്ലി പറഞ്ഞു.
എന്ത് അന്വേഷണവും നേരിടാനും എവിടെയും ഇക്കാര്യം ഏറ്റുപറയാനും തയ്യാറാണെന്ന് ശേഖര്‍ കാംബ്ലി പറയുന്നു. സാക്ഷിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാന്‍ സമീര്‍ വാങ്കഡെ തയ്യാറായില്ല. കോടതിയില്‍ മറുപടി നല്‍കുമെന്ന് വാങ്കഡെ പറഞ്ഞു.
ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് എതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുംബൈ പൊലീസ് സമീർ വാങ്കഡെയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.