രാജസ്ഥാനിൽ ദലിത് വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിക്കൊന്നത് അടുത്തിടെയാണ്. അതിന് തൊട്ടുപിന്നാല അവിടെനിന്നുതന്നെ ഒരു മർദന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നു. രാജസ്ഥാനിലെ ബാർമറിൽ അധ്യാപകന്റെ മർദനമേറ്റ് തലക്ക് പരിക്കേറ്റ ദലിത് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി, പരീക്ഷക്കിടെ ഒരു ചോദ്യം ഉപേക്ഷിച്ചു. തുടർന്ന് അധ്യാപകൻ മർദിക്കുകയും മതിലിനോട് ചേർത്ത് ഇടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കുട്ടിയുടെ സഹോദരനും അതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ കുട്ടി പറഞ്ഞു. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധ്യാപകൻ അശോക് മാലിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. "ഞങ്ങൾ ഞങ്ങളുടെ ക്ലാസുകളിൽ ടെസ്റ്റുകൾ നടത്തുമ്പോൾ ഒരു ആൺകുട്ടി ഓടിവന്ന് തന്റെ സഹോദരനെ അവരുടെ അധ്യാപകൻ മർദിച്ചുവെന്ന് പറഞ്ഞു. അവനോടൊപ്പം വരാൻ എന്നോട് ആവശ്യപ്പെട്ടു" -ഒരു അധ്യാപകൻ 'ഇന്ത്യ ടുഡേ' ടി.വിയോട് പറഞ്ഞു.
"ഞാൻ കുട്ടിയെ എന്റെ കൂടെ കൊണ്ടുവന്നു. അവന് വെള്ളവും ഭക്ഷണവും കൊടുത്തു. അവന്റെ സഹോദരൻ ഒരു ഗുളിക കൊണ്ടുവന്ന് അവനു കൊടുത്തു. ഞാൻ അവനോട് മരുന്നിനെക്കുറിച്ച് ചോദിക്കുകയും കുടുംബത്തെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കോൾ കണക്ട് ചെയ്തില്ല. താമസിയാതെ, കുട്ടി സഹോദരനോടൊപ്പം വീട്ടിലേക്ക് പോയി" -അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിയെ കൊണ്ടുവന്നതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതായി ഡോക്ടർ ദിലീപ് ചൗധരി പറഞ്ഞു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. വിവരമറിഞ്ഞയുടൻ പൊലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.