ന്യൂഡൽഹി: അഴിമതിക്കേസിൽ ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യുന്നതും ശിക്ഷിക്കുന്നതും കൂടുതൽ ദുഷ്കരമാക്കുന്ന അഴിമതി നിരോധന നിയമ ഭേദഗതി ബില്ലിന് പാർലമെൻറിെൻറ ഇരു സഭകളുടെയും അംഗീകാരം. നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ ചൊവ്വാഴ്ച ലോക്സഭയും അംഗീകരിച്ചു.
നിലവിലെ അഴിമതി നിരോധന നിയമത്തെ ദുർബലപ്പെടുത്തുന്നതാണ് പുതിയ ഭേദഗതികളെന്ന് ലോക്സഭയിൽ ബില്ലിെൻറ ചർച്ചയിൽ പെങ്കടുത്ത എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. അഴിമതിക്കാരെ കുറ്റവിചാരണ ചെയ്യാനുള്ള സാധ്യത കുറയും. അഴിമതി വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവെച്ച് അധികാരത്തിൽ വന്ന മോദിസർക്കാറിന് അഴിമതിയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമനിർമാണംകൊണ്ട് മാത്രം അഴിമതി നിരോധിക്കാനാവില്ല. രാഷ്്ട്രീയ ഇച്ഛാശക്തി പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കുംഭകോണം നടത്തി വിദേശത്തു പോയി സുഖിക്കുന്നവരെ സഹായിക്കുന്നതാണ് കേന്ദ്രസർക്കാർ നിലപാടെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
വിവരാവകാശ കമീഷെൻറ ചിറകരിയുന്നവർക്ക് അഴിമതി നിരോധനത്തെക്കുറിച്ച് സംസാരിക്കാൻ ധാർമികാവകാശമില്ലെന്ന് മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. അഴിമതിയിൽ അപകടകരം രാഷ്ട്രീയ അഴിമതിയാണെന്ന് സർക്കാർ തിരിച്ചറിയണം. വിവരാവകാശ നിയമം അഴിമതി വിരുദ്ധ മുന്നേറ്റത്തിന് യു.പി.എ സർക്കാർ നടത്തിയ വിപ്ലവകരമായ നിയമ നിർമാണമായിരുന്നു. എന്നാൽ, ഇൗ സർക്കാർ വിവരാവകാശ കമീഷണർമാരെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.
നാലര വർഷംകൊണ്ട് ബി.ജെ.പി സമ്പന്ന പാർട്ടിയായി മാറിയെന്നും ഇൗ പണം എവിടെനിന്ന് ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസിലെ കെ.വി. തോമസ് ആവശ്യപ്പെട്ടു.
സത്യസന്ധവും നിർഭയവുമായി ചുമതല നിർവഹിക്കാൻ ഒാഫിസർമാർക്ക് സംരക്ഷണം നൽകുകയാണ് നിയമഭേദഗതിയിലൂടെ ചെയ്യുന്നതെന്ന് പേഴ്സനൽകാര്യ മന്ത്രി ജിതേന്ദ്ര സിങ് വിശദീകരിച്ചു. ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും അവരുടെ നല്ല സംരംഭങ്ങൾ മുളയിലേ നുള്ളുകയും ചെയ്യുന്നത് തടയാനാണ് ഉദ്ദേശിക്കുന്നത്. അഴിമതിക്കേസിൽ വേഗത്തിലുള്ള വിചാരണ നിയമഭേദഗതി ഉറപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.