അഴിമതിക്ക് ‘ഇളവ്’
text_fieldsന്യൂഡൽഹി: അഴിമതിക്കേസിൽ ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യുന്നതും ശിക്ഷിക്കുന്നതും കൂടുതൽ ദുഷ്കരമാക്കുന്ന അഴിമതി നിരോധന നിയമ ഭേദഗതി ബില്ലിന് പാർലമെൻറിെൻറ ഇരു സഭകളുടെയും അംഗീകാരം. നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ ചൊവ്വാഴ്ച ലോക്സഭയും അംഗീകരിച്ചു.
- സർക്കാർ ഉദ്യോഗസ്ഥരെ അഴിമതി കേസിൽ കുറ്റവിചാരണ ചെയ്യുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് നിലവിലെ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇൗ സംരക്ഷണം മുൻ ഉദ്യോഗസ്ഥർക്കും പുതിയ ബിൽ വഴി ബാധകമാക്കി.
- കോഴ കൊടുക്കുന്നത് പ്രത്യേകമായി കുറ്റമാക്കി. കോഴക്കേസിൽ കുറ്റക്കാർക്ക് മൂന്നു മുതൽ ഏഴു വരെ വർഷംതടവ്്; പിഴ. കോഴ നൽകിയെന്നു തെളിഞ്ഞാൽ, ഏഴു വർഷം വരെ തടവും പിഴയും. അഴിമതിക്കേസിൽ ഉൾപ്പെട്ടയാളുടെ സ്വത്ത് പിടിച്ചെടുക്കുന്നതിെൻറ നടപടിക്രമങ്ങൾ മാറ്റി.
- ക്രിമിനൽ നടപടിദൂഷ്യത്തിെൻറ നിർവചനം പുതുക്കി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കാനുള്ള വ്യഗ്രത തെളിയിക്കപ്പെടണം എന്ന വ്യവസ്ഥ കൊണ്ടുവന്നു. അതിനൊപ്പം അത്തരം ആസ്തി കൈവശമുണ്ടെന്നും തെളിയിക്കണം. ഫലത്തിൽ അനധികൃത സ്വത്ത് കൈവശമുണ്ടെന്ന കുറ്റം തെളിയിക്കാൻ കൂടുതൽ തെളിവുകൾ വേണ്ടിവരും.
- ക്രിമിനൽ നടപടിദൂഷ്യത്തിെൻറ നിർവചനം പുതുക്കിയതു വഴി, വഴിവിട്ട മാർഗം, പദവി ദുരുപയോഗം, പൊതുതാൽപര്യം അവഗണിക്കൽ, വിലപിടിച്ച പ്രതിഫലം സ്വീകരിക്കൽ തുടങ്ങിയ സാഹചര്യങ്ങൾ തെളിവില്ലാതെ അഴിമതി കേസിെൻറ പരിധിയിൽ വരില്ല. വരവിൽക്കവിഞ്ഞ സ്വത്ത് കൈവശമുള്ളതു മാത്രമാണ് ക്രിമിനൽ പെരുമാറ്റ ദൂഷ്യത്തിെൻറ പരിധിയിൽ വരുക.
നിലവിലെ അഴിമതി നിരോധന നിയമത്തെ ദുർബലപ്പെടുത്തുന്നതാണ് പുതിയ ഭേദഗതികളെന്ന് ലോക്സഭയിൽ ബില്ലിെൻറ ചർച്ചയിൽ പെങ്കടുത്ത എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. അഴിമതിക്കാരെ കുറ്റവിചാരണ ചെയ്യാനുള്ള സാധ്യത കുറയും. അഴിമതി വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവെച്ച് അധികാരത്തിൽ വന്ന മോദിസർക്കാറിന് അഴിമതിയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയമനിർമാണംകൊണ്ട് മാത്രം അഴിമതി നിരോധിക്കാനാവില്ല. രാഷ്്ട്രീയ ഇച്ഛാശക്തി പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കുംഭകോണം നടത്തി വിദേശത്തു പോയി സുഖിക്കുന്നവരെ സഹായിക്കുന്നതാണ് കേന്ദ്രസർക്കാർ നിലപാടെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
വിവരാവകാശ കമീഷെൻറ ചിറകരിയുന്നവർക്ക് അഴിമതി നിരോധനത്തെക്കുറിച്ച് സംസാരിക്കാൻ ധാർമികാവകാശമില്ലെന്ന് മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. അഴിമതിയിൽ അപകടകരം രാഷ്ട്രീയ അഴിമതിയാണെന്ന് സർക്കാർ തിരിച്ചറിയണം. വിവരാവകാശ നിയമം അഴിമതി വിരുദ്ധ മുന്നേറ്റത്തിന് യു.പി.എ സർക്കാർ നടത്തിയ വിപ്ലവകരമായ നിയമ നിർമാണമായിരുന്നു. എന്നാൽ, ഇൗ സർക്കാർ വിവരാവകാശ കമീഷണർമാരെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.
നാലര വർഷംകൊണ്ട് ബി.ജെ.പി സമ്പന്ന പാർട്ടിയായി മാറിയെന്നും ഇൗ പണം എവിടെനിന്ന് ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസിലെ കെ.വി. തോമസ് ആവശ്യപ്പെട്ടു.
സത്യസന്ധവും നിർഭയവുമായി ചുമതല നിർവഹിക്കാൻ ഒാഫിസർമാർക്ക് സംരക്ഷണം നൽകുകയാണ് നിയമഭേദഗതിയിലൂടെ ചെയ്യുന്നതെന്ന് പേഴ്സനൽകാര്യ മന്ത്രി ജിതേന്ദ്ര സിങ് വിശദീകരിച്ചു. ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും അവരുടെ നല്ല സംരംഭങ്ങൾ മുളയിലേ നുള്ളുകയും ചെയ്യുന്നത് തടയാനാണ് ഉദ്ദേശിക്കുന്നത്. അഴിമതിക്കേസിൽ വേഗത്തിലുള്ള വിചാരണ നിയമഭേദഗതി ഉറപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.