മധ്യപ്രദേശ് സർക്കാറിനെതിരെ നിലനിൽക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തെ ഏതാനും മാസം മുമ്പ് തുടങ്ങിയ ‘ലാഡ്ലി ബഹൻ’ പദ്ധതികൊണ്ട് മറികടക്കാൻ ബി.ജെ.പിക്ക് സാധിക്കുമെങ്കിൽ മധ്യപ്രദേശ് വീണ്ടും ബി.ജെ.പി ഭരിക്കും. അതല്ലെങ്കിൽ, ബി.ജെ.പി വീഴുകതന്നെ ചെയ്യും. ബി.ജെ.പി വീണാലും കോൺഗ്രസിന്റെ കേവല ഭൂരിപക്ഷം 35 മണ്ഡലങ്ങളിലെങ്കിലും ജയപരാജയം നിർണയിക്കുന്ന മൂന്നാം കക്ഷികൾ പിടിക്കുന്ന വോട്ടുകളായിരിക്കും തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ മധ്യപ്രദേശ് നൽകുന്ന ഒരേകദേശ ചിത്രമിതാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തോൽവി മണത്ത നിലയിലായിരുന്നു ബി.ജെ.പി. അഞ്ചാമതൊരിക്കൽ കൂടി ഊഴംതേടുന്ന ശിവരാജ് സിങ് ചൗഹാൻ സർക്കാറിനോടുള്ള ജനരോഷം അതിനുമാത്രം തീവ്രമായിരുന്നു. അതുകൊണ്ടാണ് പ്രചാരണരംഗത്ത് ശിവരാജിന്റെ മുഖം മറച്ചുപിടിക്കാൻ മോദിയും അമിത് ഷായും പാടുപെട്ടത്. മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം ഏഴ് എം.പിമാരെയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയെയും മുഖ്യമന്ത്രിമുഖങ്ങളാക്കി ഇറക്കി. പ്രചാരണറാലികളിൽ ശിവരാജിന്റെ പേര് പറയാതിരിക്കാൻ മോദി പ്രത്യേകം ശ്രദ്ധിച്ചു. പകരം ‘മധ്യപ്രദേശിന്റെ മനസ്സിൽ മോദിയാണ്, മോദിയുടെ മനസ്സിൽ മധ്യപ്രദേശാണ്’ എന്നൊരു പ്രമേയവും ബി.ജെ.പി ഇറക്കി.
എന്നാൽ, ബി.ജെ.പി അധികാരത്തിലേറിയാലും ആര് മുഖ്യമന്ത്രിയാകും എന്ന അനിശ്ചിതത്വം കമൽനാഥ് എന്ന ഏക മുഖ്യമന്ത്രി സ്ഥാനാർഥിയുമായി മുന്നോട്ടുപോയ കോൺഗ്രസിന് പ്രചാരണത്തിൽ മേൽക്കൈ നൽകി. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ അടക്കമുള്ളവർ സ്വന്തം മണ്ഡലങ്ങളിൽ വെള്ളം കുടിക്കുന്നതും കണ്ടു. അതോടെ ബി.ജെ.പി കളി വീണ്ടും മാറ്റി. 21 വയസ്സിന് മുകളിലുള്ള 1.32 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമിട്ടുകൊടുക്കുന്ന ‘ലാഡ്ലി ബഹൻ’ യോജനകൊണ്ട് ശിവരാജിനും ബി.ജെ.പിക്കും മുഖംരക്ഷിക്കാനായെങ്കിൽ ആകട്ടെ എന്നനിലപാടിലേക്ക് പാർട്ടി മാറി. കഴിഞ്ഞ ഏതാനും നാളുകളായി മോദിയും അമിത് ഷായും ശിവരാജിനെയും അദ്ദേഹത്തിന്റെ പദ്ധതികളെയും പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ‘ലാഡ്ലി ബഹൻ’ പദ്ധതിയിൽ 1000 രൂപ വീതം നൽകിയത് 1500 രൂപയാക്കി ഉയർത്തുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചു.
ഏഴ് ശതമാനം മാത്രമുള്ള മുസ്ലിംകൾ കേവലം രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളാകുകയും ബി.ജെ.പിയോട് മത്സരിക്കാൻ ഹനുമാൻഭക്തനായ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ‘ഹിന്ദു പാർട്ടി’യാകുകയും ചെയ്തതോടെ മധ്യപ്രദേശിൽ മതം ഘടകമേ അല്ലാതായി. ഇതുമൂലം മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിലൂടെ വർഗീയ ധ്രുവീകരണത്തിന് കഴിയാത്ത നിസ്സഹായാവസ്ഥയിലായി ബി.ജെ.പി. ഹിന്ദുസമുദായത്തിന്റെ ധ്രുവീകരണം ആഗ്രഹിച്ച ബി.ജെ.പിയെ നിരാശരാക്കി ജാതിധ്രുവീകരണം വളരെ ശക്തമാകുകയും ചെയ്തു.
ജാതി കഴിഞ്ഞാൽ പിന്നെ സ്ഥാനാർഥിയുടെ മികവിനാണ് വോട്ടർമാരുടെ പരിഗണന. ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ പാർട്ടി പരിഗണനയല്ല, സ്ഥാനാർഥിക്കാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരിഗണനയെന്ന് വോട്ടർമാർ പറയുന്നു. അങ്ങനെയെങ്കിൽ മികച്ച സ്ഥാനാർഥികളെ നിർത്തിയതിന്റെ മെച്ചം കോൺഗ്രസിനാണ് ലഭിക്കുക. സ്ഥാനാർഥിമികവ് കൊണ്ടാണ് ബി.ജെ.പി കേന്ദ്രനേതാക്കളെ ഇറക്കിയിട്ടും കോൺഗ്രസ് ശക്തമായ മത്സരവുമായി അവർക്ക് മുന്നിൽ പിടിച്ചുനിന്നത്. അതിന് പുറമെയാണ് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും പോകുകയും ദിഗ്വിജയ് സിങ് പിറകിലേക്ക് മാറുകയും ചെയ്തതോടെ ഏക മുഖ്യമന്ത്രി സ്ഥാനാർഥിയായി കമൽനാഥ് മാറിയത്.
35 നിയമസഭ മണ്ഡലങ്ങളിലെങ്കിലും ഇക്കുറി ജയപരാജയം തീരുമാനിക്കുക സമാജ് വാദി പാർട്ടി, ബി.എസ്.പി, ഗ്വാണ്ട്വാന ഗണതന്ത്ര പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങിയ മൂന്നാം കക്ഷികളാണ്. ഇതിൽ ദലിത് വോട്ടുബാങ്കുള്ള ബി.എസ്.പിയും ആദിവാസികളുടെ ഗ്വാണ്ട്വാന പാർട്ടിയും സഖ്യത്തിലാണ്. കോൺഗ്രസും ബി.ജെ.പിയും ടിക്കറ്റ് നൽകാത്ത തലയെടുപ്പുള്ള നേതാക്കൾപോലും ഈ മൂന്നാം കക്ഷികളുടെ സ്ഥാനാർഥികളായി ഇരുപാർട്ടികളുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ട്.
മധ്യപ്രദേശിൽനിന്ന് ബി.എസ്.പി ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പ് ജയിച്ചതും സി.പി.എം ഒരു എം.എൽ.എയെ സൃഷ്ടിച്ചതും വിന്ധ്യ മേഖലയിൽനിന്നാണ്. വിന്ധ്യയിലെ സിംഗ്രോളി നഗരസഭ മേയർ സ്ഥാനം പിടിച്ച ആം ആദ്മി പാർട്ടി അതേ മേയറെ വെച്ച് സിംഗ്രോളി നിയമസഭാ മണ്ഡലം പിടിക്കാനുള്ള യത്നത്തിലാണ്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഏറെ മുന്നിലായ കോൺഗ്രസ് മധ്യപ്രദേശ് തൂത്തുവാരുമെന്ന നിലയിലായിരുന്നു. 230 അംഗ നിയമസഭയിൽ ബി.ജെ.പി 60-80 സീറ്റുകളിലൊതുങ്ങുമെന്ന് പോലും തോന്നിപ്പോകുന്ന സാഹചര്യം. അവിടെ നിന്നാണ് ഫലം പ്രവചനാതീതമാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ബി.ജെ.പിക്കായത്. പ്രചാരണ പ്രവർത്തനങ്ങളിലെ മികവുകൊണ്ടാണത്.
അതേസമയം, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ മകൻ കോടികൾ ചോദിക്കുന്ന വൈറൽ വിഡിയോ കോൺഗ്രസ് പ്രചാരണായുധമാക്കിയിട്ടുണ്ട്. തുടർച്ചയായി പ്രചാരണ റാലികളിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി വിഷയം സജീവമാക്കി നിർത്തിയപ്പോൾ ഈ ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ ഇ.ഡി ഓഫിസിലേക്ക് മാർച്ചും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.