ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യ വിരുദ്ധ ശക്തികളുടെ അതേ ഭാഷയാണ് രാഹുൽ ഗാന്ധി ഉപയോഗിച്ചതെന്ന് റിജിജു പറഞ്ഞു. ഇത്തരം പരാമർശങ്ങളിലൂടെ ഇന്ത്യയെയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും രാഹുൽ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
'രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യ വിരുദ്ധ ശക്തികളുടെ അതേ ഭാഷ തന്നെയാണ് രാഹുൽ ഗാന്ധി ഉപയോഗിക്കുന്നത്. രാജ്യവുമായി ബന്ധപ്പെട്ട ഏത് വിഷയവും ആശങ്കയുണ്ടാക്കുന്നതാണ്. രാഹുലിന്‍റെ പരാമർശം അദ്ദേഹത്തിന്‍റെ പാർട്ടിയെ ദോഷകരമായി ബാധിക്കും. അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. എന്നാൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ ഞങ്ങൾ നിശബ്ദരായി ഇരിക്കില്ല.' -റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ കോൺഗ്രസിന് പ്രശ്നം തോന്നുന്നില്ലെങ്കിൽ പാർലമെന്‍റിൽ ഒരു ജനവിഭാഗത്തെ പ്രതിനിധീകരിക്കാൻ കോൺഗ്രസിന് അർഹതയില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന വ്യക്തിയാണ് വിദേശത്ത് പോയി രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പരാതി പറയുന്നതെന്നും റിജിജു കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും പാർലമെന്‍റിൽ പ്രതിപക്ഷ നേതാക്കൾ നിശബ്ദരാക്കപ്പെടുകയാണെന്നുമായിരുന്നു രാഹുലിന്‍റെ പരാമർശം. വിഷയത്തിൽ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് പാർലമെന്‍റിൽ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.