ഇന്ന് കണ്ടെടുത്ത ലോഹ ഭാഗങ്ങളൊന്നും അർജുന്റെ ലോറിയുടേതല്ലെന്ന് മനാഫ്; ഷിരൂരിലെ ഇന്നത്തെ തിരച്ചിൽ നിർത്തി

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

വെള്ളിയാഴ്ചത്തെ തിരച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് കയറും ലോഹ ഭാഗങ്ങളും കണ്ടെടുത്തെങ്കിലും അർജുന്റെ ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായില്ല. ഉച്ചയോടുകൂടി നാവിക സേനാ കുറച്ച് ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വൈകുന്നേരം മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും ലോഹ ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ, ഇവയൊന്നും കാണാതായ ലോറിയുടേതല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.

അതേസമയം, ഇന്ന് പുഴയിൽ അടിഞ്ഞ് കൂടിയ മരത്തടികൾ ഈശ്വർ മാൽപെയും സംഘവും കരക്ക് കയറ്റിയിരുന്നു. അതിനോടൊപ്പമുണ്ടായിരുന്ന കയർ തന്റെ ലോറിയിൽ മരംകെട്ടാൻ ഉപയോഗിച്ചതാണെന്ന് മനാഫ് സ്ഥിരീകരിക്കുന്നുണ്ട്. കണ്ടെത്തിയ ലോഹ ഭാഗങ്ങൾ ടാങ്കർ ലോറിയുടേതാകാമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഗംഗാവാലി പുഴ കലങ്ങി ഒഴുകുന്നതിനാൽ വെള്ളിയാഴ്ചത്തെ ദൗത്യം ഏറെ കുറേ ദുഷ്കരമായിരുന്നു.

പുഴയിൽ അടിഞ്ഞ് കൂടിയ മരത്തടിക്കൾ പുറത്തെത്തിക്കുന്ന ജോലിയാണ് ഇന്ന് കാര്യമായി നടന്നത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ വടം കെട്ടി ക്രെയിനുകൾ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്യുന്നത്. പുഴയിൽ അടിഞ്ഞിട്ടുള്ള മണ്ണ് നീക്കം ചെയ്യലാണ് ദൗത്യത്തിലെ പ്രധാനവെല്ലവിളി. പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രജർ എത്തുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.