ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. വയനാട് ദുരന്തവും ചിലയിടങ്ങിളിലെ പ്രതികൂല കാലാവസ്ഥയുമാണ് വയനാട് ലോക്സഭ മണ്ഡലത്തിലേക്കും 46 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ജമ്മു കശ്മീർ- ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താതെ നീട്ടിവെക്കാൻ കാരണമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ഒരേയൊരു ലോക്സഭ മണ്ഡലമായ വയനാട്ടിലാണ് വൻദുരന്തമുണ്ടായതെന്ന് രാജീവ് കുമാർ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ അവിടെ ഉപതെരഞ്ഞെടുപ്പ് സാധ്യമല്ല. അസം, ബിഹാർ അടക്കമുള്ള ചില സംസ്ഥാനങ്ങളിലും കാലാവസ്ഥ പ്രതികൂലമായിട്ടുണ്ട്. അവിടെ നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനും ഇതു മൂലം സാധ്യമല്ല.
കാലാവസ്ഥ പ്രതികൂലമല്ലാത്ത ചില സംസ്ഥാനങ്ങളിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തിയാൽ അതും വിവാദമാകുമെന്നും അതിനാൽ വയനാട് അടക്കം 47 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് കമീഷൻ തീരുമാനമെന്നും രാജീവ് കുമാർ വ്യക്തമാക്കി. ആറുമാസ കാലാവധിക്കകം എല്ലായിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കും. നവംബറിൽ കാലാവധി തീരുന്ന മഹാരാഷ്ട്രയിലും ഹരിയാനക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യ സംരക്ഷണത്തിനാണെന്ന ആരോപണം രാജീവ് കുമാർ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.