അഗർത്തല: ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ ഒരാഴ്ചയായി അരങ്ങേറുന്ന അതിക്രമങ്ങൾക്ക് പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും പൂർണ സഹകരണമെന്ന് ആരോപണം. ഊരിപ്പിടിച്ച വാളുകളും മാരകായുധങ്ങളുമായി കടുത്ത മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ പരസ്യമായി വിദ്വേഷ റാലികൾ നടന്നത്. ഇത് തടയാൻ ഭരണകൂടമോ പൊലീസോ കാര്യമായ ഇടപെടൽ നടത്തിയില്ല. അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ ശേഷം ഇന്നലെയാണ് ധര്‍മനഗര്‍ ജില്ലയിൽ നിേരാധനാജ്ഞ ഏർപ്പെടുത്തിയത്. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും അപകടകരമായ മൗനമാണ് പുലർത്തിയതെന്നും പരക്കെ ആക്ഷേപമുണ്ട്.
മുസ്‌ലിം പള്ളികളും വ്യാപാരികള്‍, അഭിഭാഷകര്‍, നേതാക്കള്‍ എന്നിവരുടെ വീടുകളുമാണ് കൂടുതലും ലക്ഷ്യമിട്ടത്. പല വീടുകളും പൂര്‍ണമായും തകര്‍ക്കുകയും കത്തിക്കുകയും െചയ്തു.
ബിഷര്‍ഗഡിലെ നറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും ഉനക്കോട്ടി ജില്ലയില്‍ പാല്‍ ബസാറിലും രതാബാരിയിലും പള്ളി തകര്‍ക്കുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു. കടകളും വഴിവാണിഭക്കാരും ആക്രമിക്കപ്പെട്ടു. പടിഞ്ഞാറന്‍ ത്രിപുരയിലെ കൃഷ്ണനഗറിലും അഗര്‍ത്തലയിലുമാണ് കൂടുതല്‍ ആക്രമണം നടന്നത്. ഇവിടെയും പള്ളികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപൂര്‍ അഗര്‍ത്തല പള്ളി തകര്‍ത്തു. രാംനഗര്‍ പള്ളിയും സിസിടിവിയും തകര്‍ത്തു. വടക്കന്‍ ത്രിപുരയില്‍ ധര്‍മനഗര്‍ പള്ളി അക്രമികള്‍ തകര്‍ത്തു, ചില പള്ളികള്‍ക്കു നേരെ കല്ലെറിഞ്ഞു. ചാമിത്തല മേഖലയിലെ രണ്ട് കടകൾക്ക് ചൊവ്വാഴ്ച തീവെച്ചിരുന്നു. മൂന്ന് വീടുകളും ചില കടകളും വി.എച്ച്.പി പ്രവർത്തകർ തകർത്തിട്ടുണ്ട്. റോവ ബസാറിന് സമീപമാണ് ആക്രമണമുണ്ടായതെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് ബാനുപാഡ ചക്രബർത്തി പറഞ്ഞു.
മുസ്‌ലിം വിരുദ്ധ മുദ്രവാക്യങ്ങളുമായി 3500ഓളം വി.എച്ച്.പി പ്രവർത്തകരാണ് റാലിയിൽ അണിനിരന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മുസ്‌ലിം സ്ത്രീകൾക്ക് നേരെയും ആക്രമണമുണ്ടായി. വീടുകളിൽ അതിക്രമിച്ച് കയറിയാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആക്രമണം നടത്തിയത്.
സംസ്ഥാനത്ത് ഇതിനകം ഒരുഡസനിലേറെ മുസ്‌ലിം ആരാധനാലയങ്ങളും നിരവധി വീടുകളും എണ്ണമറ്റ സ്വത്തുവകകളും ആക്രമിക്കപ്പെട്ടതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദൾ തുടങ്ങിയ അനുബന്ധ സംഘടനകളുമാണ് അക്രമത്തിന് പിന്നിൽ. ഈ മാസമാദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ നടന്ന ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കുള്ള പ്രതികാരമായാണ് ആക്രമണങ്ങൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.