തമിഴ്നാട് വിരുദ്ധ പരാമർശം: കേന്ദ്രമന്ത്രി ശോഭ കരന്ദ്‍ലാജെക്കെതിരെ ഉടൻ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിര്‍ദേശം

ബംഗളൂരു: തമിഴ്നാട്ടിൽനിന്ന് ഭീകര പരിശീലനം ലഭിച്ച ആളുകൾ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തില്‍ കേന്ദ്രമന്ത്രിയും ബംഗളൂരു നോര്‍ത്ത് ബി.ജെ.പി സ്ഥാനാർഥിയുമായ ശോഭ കരന്ദ്‍ലാജെക്കെതിരെ ഉടൻ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിര്‍ദേശം. കർണാടക ചീഫ് ഇലക്ടറല്‍ ഓഫിസർക്കാണ് ഉചിത നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നി‍ർദേശം നല്‍കിയന്നത്. 

ഡി.എം.കെ നല്‍കിയ പരാതിയിലാണ് കമീഷന്‍റെ ഇടപെടൽ. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും നി‍ർദേശിച്ചിട്ടുണ്ട്.

ബംഗളൂരു നഗരത്തിലെ സിദ്ധന ലേഔട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. ‘കർണാടകയിൽ ക്രമസമാധാനം തകർന്നു. തമിഴ്നാട്ടിൽനിന്ന് വരുന്നവർ ഇവിടെ ബോംബ് സ്ഥാപിക്കുകയും ഡൽഹിയിൽ നിന്നുള്ളവർ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയും കേരളത്തിൽനിന്ന് വന്നവർ ആസിഡ് ആക്രമണം നടത്തുകയും ചെയ്തു’ എന്നിങ്ങനെയായിരുന്നു പരാമർശം. ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയതും സൂചിപ്പിച്ചായിരുന്നു ശോഭയുടെ വിവാദ പാരമർശം.

പ്രസ്താവന വൻ വിവാദമായതോടെ ശോഭ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ‘തമിഴ് സഹോദരങ്ങളോട്, എന്‍റെ വാക്കുകൾ വെളിച്ചം വീശാനുള്ളതായിരുന്നു, നിഴൽ വീഴ്ത്താനല്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിട്ടും പരാമർശങ്ങൾ ചിലരെ വേദനിപ്പിച്ചതായി കാണുന്നു -അതിന് ഞാൻ ക്ഷമ ചോദിക്കുന്നു’ -ശോഭ എക്സിൽ കുറിച്ചു. രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൃഷ്ണഗിരി വനത്തിൽ പരിശീലനം നേടിയവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് പരാമർശങ്ങൾ. തമിഴ്‌നാട്ടിൽനിന്നുള്ളവരോട് ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് ക്ഷമ ചോദിക്കുന്നു. പരാമർശങ്ങൾ പിൻവലിക്കുന്നതായും ശോഭ കൂട്ടിച്ചേർത്തു. 

കർണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താനുള്ള ശ്രമമാണിതെന്നായിരുന്നു ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. വിദ്വേഷ പ്രസ്താവനയില്‍ കരന്ദലാജെക്കെതിരെ തമിഴ്നാട് മധുര പൊലീസ് കേസെടുത്തിരുന്നു. കലാപം ഉണ്ടാക്കാനും സാമുദായിക സ്പർധ ഉണ്ടാക്കാനും ശ്രമിച്ചതിനാണ് കേസ്. അതേസമയം, കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും ശോഭ കരന്ദ്‍ലാജെ അറിയിച്ചിരുന്നു. 

Tags:    
News Summary - Anti-Tamil Nadu remarks: Election Commission directs immediate action against Union Minister Shobha Karandlaje

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.