ന്യൂഡൽഹി: മണിപ്പൂരിൽനിന്ന് വീണ്ടും അസ്വസ്ഥജനകമായ വാർത്തകൾ. കാങ്‌പോപി ജില്ലയിൽ ജനക്കൂട്ടം ഡെപ്യൂട്ടി കമീഷണറുടെയും പോലീസ് സൂപ്രണ്ടിന്റെയും ഓഫിസുകൾ ആക്രമിച്ചെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. നെറ്റിയിൽ മുറിവുകളോടെ കാങ്‌പോക്പി എസ്.പി മനോജ് പ്രഭാകറിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനുവരി മൂന്നിന് ഉണ്ടായ വൻ പ്രതിഷേധത്തിനിടെ താനടക്കം ഏഴു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി മനോജ് പ്രഭാകർ പറഞ്ഞു.
കുക്കി-സോ സ്ത്രീകളെ ലക്ഷ്യമിട്ട് കേന്ദ്രസേന ഡിസംബർ 31ന് മേഖലയിൽ നടത്തിയ അടിച്ചമർത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധമെന്ന് പ്രദേശവാസികൾ പറഞ്ഞു. സേന റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചതിനെ തുടർന്ന് 45 കാരിയായ ഹെഷി മേറ്റ് എന്ന സ്ത്രീയുടെ കണ്ണ് നഷ്‌ടപ്പെട്ടിരുന്നു. മൊത്തം 50 സ്ത്രീകൾക്ക് പരിക്കേറ്റതായി അവർ പറഞ്ഞു.
കാങ്‌പോപി ജില്ലയിലെ സൈബോൾ ഗ്രാമത്തിൽ കേന്ദ്ര സേനാംഗങ്ങളെ നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് കുക്കി-സോ കമ്യൂണിറ്റിയിലെ അംഗങ്ങളുടെ ആവശ്യം. സംസ്ഥാനത്തെ കുക്കി ആധിപത്യമുള്ള കുന്നുകളെ മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ താഴ്‌വരയിൽ നിന്ന് വേർതിരിക്കുന്ന ‘ബഫർ സോണിൽ’ സ്ഥിതി ചെയ്യുന്ന ട്വിചിനിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് സൈബോൾ ഗ്രാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.