ന്യൂഡൽഹി: ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. എന്നാൽ പ്രോംപ്റ്ററിന്റെ സഹായത്തോടെയാണ് മോദി 'ശക്തമായ പ്രസംഗം' എന്ന് ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പലപ്പോഴായി ആരോപണം ഉന്നയിച്ചിരുന്നു. തന്റെ പ്രസംഗങ്ങളിൽ പ്രോംപ്റ്റർ വേണമെന്ന് പ്രധാനമന്ത്രി എപ്പോഴും നിഷ്‍കർഷിക്കാറുമുണ്ട്.
കഴിഞ്ഞദിവസം ഡൽഹിയിലെ രോഹിണിയിൽ മോദി പ്രസംഗിക്കുന്നതിനിടെ, പ്രോംപ്റ്റർ തകരാറിലായിയെന്നാണ് ഇപ്പോൾ എ.എ.പി ഉയർത്തുന്ന വാദം. അതിന്റെ തെളിവുകളും എ.എ.പി പുറത്തുവിട്ടിട്ടുണ്ട്.
മോദി ഘോരഘോരം പ്രസംഗിക്കുന്നതിനിടെ, പെട്ടെന്ന് പ്രോംപ്റ്റർ തടസ്സപ്പെടുകയായിരുന്നു. അതോടെ പ്രധാനമന്ത്രിയുടെ പ്രസംഗവും നിലച്ചു. കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ, പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നിൽക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ ആണ് എ.എ.പി പങ്കുവെച്ചിരിക്കുന്നത്.
ഡൽഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്.
രോഹിണിയിലെ പ്രസംഗത്തിനിടെ എ.എ.പിക്കെതിരെ കടുത്ത വിമർശനമാണ് മോദി ഉന്നയിച്ചത്. ഡൽഹിയുടെ വികസനത്തിനായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എ.എ.പി പരാജയപ്പെട്ടുവെന്ന് മോദി ആരോപിച്ചു. മികച്ച ഭാവിക്കായി ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത് ബി.ജെ.പിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.