'നെഹ്‌റുവും ടിപ്പുവും സ്വാതന്ത്ര്യ സമരസേനാനികളല്ലേ?', കർണാടക സർക്കാർ പരസ്യത്തിനെതിരെ ചോദ്യമുയർത്തി മുഹമ്മദ് സുബൈർ

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച ടിപ്പു സുൽത്താനും കർണാടകക്ക് സ്വാതന്ത്ര്യ സമര സേനാനികളല്ലേയെന്ന ചോദ്യവുമായി 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. കർണാടക സർക്കാർ ഞായറാഴ്ച പത്രങ്ങളിൽ നൽകിയ സ്വതന്ത്ര്യ ദിനാഘോഷ പരസ്യങ്ങളിൽ ഇരുവരെയും ഒഴിവാക്കിയതിനെതിരെയാണ് സുബൈറിന്റെ പ്രതികരണം. കർണാടക സർക്കാറിന്റെ പബ്ലിക് റിലേഷൻ വിഭാഗത്തെ ടാഗ് ചെയ്ത് ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും പരസ്യത്തിനെതിരെ രംഗത്ത് വന്നു. ''ഉം... 1947ൽ ത്രിവർണ പതാക ആദ്യമുയർത്തിയ നേതാവ് നെഹ്‌റുവിന്റെ ഫോട്ടോ ഇല്ല? കാലം മാറിക്കൊണ്ടിരിക്കും''. രാജ്ദ്വീപ് പരസ്യം സഹിതം ട്വീറ്റ് ചെയ്തു.

ഈ അൽപത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് സൗരഭ് റായിയും പരസ്യത്തിനെതിരെ രംഗത്തുവന്നു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ പതാക ഉയർത്തിയ ആദ്യ പ്രധാനമന്ത്രിയായിട്ടും ഈ പത്രത്തിന്റെ ഒന്നാം പേജിൽ എന്തുകൊണ്ട് നെഹ്റു ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബസവരാജ ബെമ്മെയോടും ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം കുറിച്ചു. വെറും നിവേദനങ്ങൾ എഴുതിയ സവർക്കർ ഇവിടെ ദേശാഭിമാനികളോടൊപ്പം എന്താണ് ചെയ്യുന്നതെന്നും ഇരുവരെയും ടാഗ് ചെയ്ത ട്വീറ്റിൽ ചോദിച്ചു.

ഞായറാഴ്ച കർണാടക സർക്കാർ നൽകിയ പരസ്യം സംസ്ഥാനത്തിനകത്തും പുറത്തും പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ബാലഗംഗാധര തിലകൻ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും നൽകിയിട്ടുണ്ട്.

സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളിൽ വിഷയം സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ശിവമോഗയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സവർക്കറുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂടെ ഉൾക്കൊള്ളിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഒരു സ്വകാര്യ മാളിലാണ് പരിപാടി നടന്നത്. സ്ഥലത്ത് പ്രതിഷേധിച്ച നാലുപേർ അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ ടിപ്പു സുൽത്താന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പല സ്ഥലങ്ങളിലും ഉയർന്നു. ബംഗളൂരുവിലും മൈസൂരുവിലും യുവമോർച്ച പ്രവർത്തകർ ഈ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചത് സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. ഇവക്കെല്ലാം പിന്നാലെയാണ് സർക്കാറിന്റെ പത്ര പരസ്യം പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

Tags:    
News Summary - 'Aren't Nehru and Tipu freedom fighters', Mohammad Zubair questions Karnataka government ad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.