ന്യൂഡൽഹി: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച െഎക്യരാഷ്ട്രസഭ റിപ്പോർട്ട് തള്ളി കരസേന മേധാവി ജനറൽ ബിപിൻ റാവത്. ഇന്ത്യൻ കരസേനയുടെ മനുഷ്യാവകാശ റെക്കോഡ് കശ്മീരിലെ ജനങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും ബോധ്യമുള്ളതാണെന്നും റിപ്പോർട്ട് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അത് ഗൂഢോദ്ദേശ്യത്തോടെയുള്ളതാണെന്നും സൈബർ സുരക്ഷ കോൺഫറൻസിന് ഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ മാസം ആദ്യം െഎക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ കശ്മീരിലെയും പാക് അധീന കശ്മീരിലെയും മനുഷ്യാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോർട്ട് അസത്യവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ അത് തള്ളിക്കളഞ്ഞിരുന്നു. റിപ്പോർട്ട് പ്രത്യക്ഷത്തിൽതന്നെ മുൻധാരണയോടെയുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയവും പ്രസ്താവിച്ചിരുന്നു.
കോൺഫറൻസിൽ സൈബർ രംഗം പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നും എതിരാളികളുടെ സംവിധാനങ്ങളെ പ്രവർത്തനരഹിതമാക്കാൻ ശേഷി കൈവരിക്കണമെന്നും ബിപിൻ റാവത് പറഞ്ഞു.
ലോകത്തെമ്പാടുമുള്ള ഇന്നത്തെ ഭീകരർ സാങ്കേതിക പരിജ്ഞാനം ഉള്ളവരാണ്. അവർ സൈബർ രംഗത്തെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അവരെ മറികടക്കാനായില്ലെങ്കിൽ ഭീകരതയെയും നമുക്ക് മറികടക്കാനാവില്ല -സൈബർ യുദ്ധത്തിൽ ചൈന കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടി കരസേന മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.