ലഡാക്: യഥാർഥ നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ലഡാക്കിൽ. ചൈനീസ് സേനയുമായി മുഖാമുഖം വന്ന ലഡാക്കിലെ മൂന്നു പ്രദേശങ്ങളിലെ സ്ഥിതിഗതികളാണ് കരസേനാ മേധാവി വിലയിരുത്തുന്നത്.
വടക്കൻ സൈനിക കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷി, 14 കോർപ്സ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ് അടക്കം ലെയിലെ മുതിർന്ന സൈനിക കമാൻഡർമാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുഭാഗത്തുമായി 11 സൈനികർക്ക് പരിക്കേറ്റിരുന്നു. വടക്കൻ സിക്കിമിലെ നാകു ല ചുരത്തിലാണ് ഞായറാഴ്ച ഇരുപക്ഷവും തമ്മിൽ സംഘർഷമുണ്ടായത്. നാല് ഇന്ത്യൻ സൈനികർക്കും ഏഴ് ചൈനീസ് സൈനികർക്കുമാണ് പരിക്കേറ്റതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ഏറ്റുമുട്ടലിനെ തുടർന്ന് സൈനിക നടപടിക്രമങ്ങൾ പ്രകാരം നടത്തിയ സംഭാഷണത്തിൽ പ്രശ്നം പരിഹരിച്ചു. ഇരുഭാഗത്തേയും 150 ഓളം സൈനികരാണ് പരസ്പരം പോരടിച്ചത്. അതിർത്തി സംബന്ധിച്ച വിഷയമാണ് കാരണം. 2017 ആഗസ്റ്റിൽ ലഡാക്കിലെ പാങ്ഗോങ്ങിൽ ഇരുപക്ഷവും തമ്മിൽ കല്ലേറും അടിപിടിയും ഉണ്ടായതാണ് അവസാന സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.