പൊലീസ് സ്റ്റേഷനിലെ ലൈംഗികാതിക്രമം ​നടുക്കുന്നത്; കടുത്ത നടപടിയാവശ്യപ്പെട്ട് നവീൻ പട്നായിക്

ഭുവനേശ്വർ: ഒഡിഷയിൽ സൈനിക ഓഫിസറുടെ പ്രതിശ്രുത വധു പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് ക്രൂരമായി ലൈംഗികാതി​ക്രമം. സംഭവം നടുക്കുന്നതാണെന്ന് ഒഡിഷ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ നവീൻ പട്‌നായിക് പ്രതികരിച്ചു. എസ്.ഐ.ടി അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.

‘സൈനികനായ മേജറോടും സ്ത്രീയോടും കാണിച്ചത് നടുക്കുന്നതും ഉൾക്കൊള്ളാൻ കഴിയാത്തതുമാണ്. ഇവരോട് പൊലീസ് പെരുമാറിയ രീതി രാജ്യത്തി​ന്‍റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഒഡിഷയിൽ സേവനമനുഷ്ഠിക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥനും സ്ത്രീക്കുമാണ് ഇത് സംഭവിച്ചത്’ - നവീൻ പട്‌നായിക് ‘എക്‌സി’ൽ എഴുതി. ഹീനമായ പ്രവൃത്തിയെ ത​ന്‍റെ പാർട്ടി അപലപിക്കുന്നുവെന്നും സംസ്ഥാനത്തെ ബി.ജെ.പി സർക്കാറി​ന്‍റെ കഴിവുകേടാണ് സംഭവം കാണിക്കുന്നതെന്നും അതിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ ബി.ജെ.പി സർക്കാർ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.ഡി മേധാവി പറഞ്ഞു.

സംഭവത്തിൽ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഡി.ജി.പി വൈ.ബി.ഖുറാനിയ പുറപ്പെടുവിച്ച ഉത്തരവിൽ മോശം പെരുമാറ്റത്തി​ന്‍റെ പേരിലാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വനിതാ പ്രവർത്തകർ വെള്ളിയാഴ്ച  ധർണ നടത്തിയിരുന്നു.

താടിയെല്ലുകൾക്ക് സ്ഥാനഭ്രംശം ഉൾപ്പെടെ നിരവധി പരിക്കുകളോടെ എയിംസിൽ ചികിൽസയിലായിരുന്നു യുവതി. അതിക്രൂരമായ ആക്രമണമാണ് സൈനിക​ന്‍റെ പ്രതിശ്രുത വധുവും അഭിഭാഷകയുമായ യുവതിക്ക് ഭരത്പൂർ പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്നതെന്ന് അവരുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഈ മാസം 15ന് രാത്രി വൈകി ത​ന്‍റെ റസ്റ്റോറ​ന്‍റ് അടച്ച ശേഷം സുഹൃത്തായ സൈനിക ഓഫിസറുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരോട് ചില പുരുഷന്മാർ മോശമായി പെരുമാറിയതായി യുവതി പറഞ്ഞു. തുടർന്ന് ഇരുവരും ഭരത്പൂർ പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി. ‘റിസപ്ഷനിൽ ഒരു വനിതാ പൊലീസ് കോൺസ്റ്റബിൾ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. വാഹനത്തിൽ നിരവധി യുവാക്കൾ ഉണ്ടായിരുന്നതിനാലും അവർ എപ്പോൾ വേണമെങ്കിലും ഞങ്ങളെ പിന്തുടരാമെന്നതിനാലും പൊലീസ് പട്രോളിംഗിന് വണ്ടി അയച്ചുതരണമെന്നും പരാതി രജിസ്റ്റർ ചെയ്യണമെന്നും ഞങ്ങൾ അഭ്യർത്ഥിച്ചു. എന്നാൽ, അത് ചെയ്യുന്നതിനു പകരം അവ​ർ അപമാനിക്കുകയായിരുന്നു. അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ദേഷ്യപ്പെടുകയാണ് ചെയ്തതെന്ന് യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഇതിനിടയിൽ വനിതാ പൊലീസുകാരടക്കം നിരവധി പൊലീസുകാരുമായി ഒരു പട്രോളിംഗ് വാഹനം സ്റ്റേഷനിലെത്തി. അതിലുണ്ടായിരുന്ന രണ്ട് വനിതാ ഉദ്യോഗസ്ഥർ എ​ന്‍റെ മുടി വലിക്കുകയും മർദിക്കുകയും ചെയ്തു. നിർത്താൻ അഭ്യർഥിച്ചപ്പോൾ അവർ എന്നെ സ്റ്റേഷ​ന്‍റെ ഇടനാഴിയിലൂടെ വലിച്ചിഴച്ചു. അവരിലൊരാൾ എ​ന്‍റെ കഴുത്ത് ഞെരുക്കുന്നതിനിടയിൽ ഞാനവളുടെ കൈക്കു കടിച്ചു. അവർ എ​ന്‍റെ ജാക്കറ്റ് അഴിച്ചുമാറ്റി രണ്ട് കൈകളും അതിൽ ബന്ധിച്ചു. ഒരു സ്കാർഫ് ഉപയോഗിച്ച് രണ്ട് കാലുകളും കെട്ടി എന്നെ ഒരു മുറിയിലേക്ക് വലിച്ചെറിഞ്ഞു’ -യുവതി വിവരിച്ചു.

‘പിന്നീട് ഒരു പുരുഷ ഉദ്യോഗസ്ഥൻ വന്ന് എ​ന്‍റെ അടിവസ്ത്രം അഴിച്ചതിനുശേഷം തുടർച്ചയായി നെഞ്ചിൽ ചവിട്ടി. ശേഷം സ്‌റ്റേഷൻ ഇൻസ്‌പെക്ടർ വന്നു. അയാളുടെ പാന്‍റ് അഴിച്ചുകാണിച്ച് ശാരീരികബന്ധം വേണമെങ്കിൽ ആവാം എന്ന് പരിഹസിച്ചു. അയാൾ പീഡിപ്പിച്ചുവെന്നും’ ഇരയായ യുവതി പറഞ്ഞു.

പൊലീസുകാരോടുള്ള മോശം പെരുമാറ്റം ആരോപിച്ച് ഈ മാസം15 ന് ഭരത്പൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവതിയെ വ്യാഴാഴ്ച ഹൈകോടതി അനുവദിച്ച ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തനിക്കും സൈനിക ഉദ്യോഗസ്ഥനുമെതിരെ സമർപിച്ച എഫ്.ഐ.ആർ റദ്ദാക്കണമെന്ന യുവതിയുടെ ഹരജി ഹൈകോടതി ഈ മാസം 26ന് പരിഗണിക്കും.

Tags:    
News Summary - Army officer's fiancée ‘sexually abused’ at Odisha police station; Naveen Patnaik ‘shocked’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.