പുൽവാമ: തെക്കൻ കശ്മീരിലെ പുൽവാമയിൽ പള്ളിയിൽ അതിക്രമിച്ച് കയറിയ സൈനികർ വിശ്വാസികളെ ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിച്ചുവെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ഇത് മനഃപൂർവം പ്രദേശത്തെ ക്രമസമാധാനം തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും മുഫ്തി കൂട്ടിച്ചേർത്തു.
‘സൈന്യം പള്ളിയിൽ അതിക്രമിച്ചെത്തുകയും മുസ്‍ലിം വിശ്വാസികളോട് ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനത്തിനെത്തിയ സമയത്ത് തന്നെ ഇത്തരം ഒരു പ്രവർത്തി നടക്കുന്നത് ജനങ്ങളിൽ പ്രകോപനം സൃഷ്ടിക്കാനാണ്. വിഷയത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്ന് അഭ്യർഥിക്കുന്നു’- മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ സൈനിക സംഘം പള്ളിയിൽ അതിക്രമിച്ചു കയറിയ സംഭവം അപലപനീയമാണെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റുമായ ഉമർ അബ്ദുല്ല പറഞ്ഞു. വിഷയത്തിൽ രാജ്നാഥ് സിങ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രദേശത്ത് എത്തിയതിനിടെയാണ് സംഭവം. അതേസമയം, മെഹ്ബൂബ മുഫ്തിയുടെ വാക്കുകളോട് സൈന്യം പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.