ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യൻ-ചൈനീസ് സേനകൾ വീണ്ടും നേർക്കുനേർ. അതിർത്തി ലംഘിച്ച 200 ചൈനീസ് സൈനികരെ ഇന്ത്യൻ അതിർത്തിരക്ഷാസേന തടഞ്ഞു. സംഘർഷം മണിക്കൂറുകൾ നീണ്ടു നിന്നുവെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തു.
യഥാർഥ നിയന്ത്രണരേഖ ചൈനീസ് സൈന്യം കഴിഞ്ഞയാഴ്ചയാണ് മറികടന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സ്ഥിതി ശാന്തമായത്. സേനകൾ നേർക്കുനേർ വന്ന സംഭവത്തിൽ ഇന്ത്യൻ പ്രതിരോധ സേനക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
കിഴക്കൻ ലഡാക്കിലെ 3500 കിലോമീറ്റർ ദൈർഘ്യം വരുന്ന യഥാർഥ നിയന്ത്രണരേഖയിൽ കനത്ത ജാഗ്രതയാണ് ഇന്ത്യൻ സൈന്യം പുലർത്തുന്നത്. ആഗസ്റ്റ് 30ന് ബരാഹോട്ടി മേഖലയിലെ നിയന്ത്രണരേഖ മറികടന്ന 100 ചൈനീസ് സൈനികർ അഞ്ച് കിലോമീറ്ററോളം ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയിരുന്നു. ഇന്തോ-ടിബറ്റൻ അതിർത്തിസേന കാവൽ നിൽക്കുന്ന വടക്കൻ നന്ദാദേവി വന മേഖലയിലായിരുന്നു കടന്നു കയറ്റം. ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രദേശത്ത് നിന്ന് ചൈനീസ് സേന പിന്മാറുകയും ചെയ്തു.
കഴിഞ്ഞ വർഷം മെയ് അഞ്ചിന് കിഴക്കൻ ലഡാക്കിലെ പാങ്ഗോങ് തടാക പ്രദേശത്ത് കടന്നു കയറാനുള്ള ചൈനീസ് സൈനികരുടെ നീക്കം ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇരുസൈന്യങ്ങളും നേർക്കുനേർ വരികയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.