മുംബൈ: പ്രസാർഭാരതിയുടെ ഉടമസ്ഥതയിലുള്ള ഡി.ടി.എച്ച് സംവിധാനമായ ഡിഡി ഫ്രീഡിഷിൽ നുഴഞ്ഞുകയറി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. 2017 മേയിൽ ആരംഭിച്ച ചാനൽ ഇത്രയുംകാലം പണം നൽകാതെയാണ് ഡിഡി ഫ്രീഡിഷിൽ പ്രദർശിപ്പിച്ചിരുന്നത്. വർഷത്തിൽ 8-12 കോടിരൂപയാണ് ഡിഡി ഫ്രീഡിഷിൽ ഒരു ചാനൽ പ്രദർശിപ്പിക്കാൻ വാടകയായി നൽകേണ്ടത്. ഏകദേശം 25 കോടിയുടെ നഷ്ടം ഇതുമൂലം പ്രസാർഭാരതിക്ക് ഉണ്ടായതായാണ് കണക്കാക്കുന്നത്.
ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് മറ്റ് ചാനലുകൾ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. 2019 സെപ്റ്റംബർ വരെ അനധികൃതമായി ഡിഡി ഫ്രീഡിഷിൽ റിപ്പബ്ലിക് ടി.വി പ്രദർശിപ്പിച്ചു. നിലവിൽ ടി.ആർ.പി തട്ടിപ്പ്വാർത്ത പുറത്തുവന്നതോടെയാണ് പ്രശ്നം വീണ്ടും ചർച്ചയായത്.അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ ഡി.ടി.എച്ചിൽ നുഴഞ്ഞുകയറിയ വിഷയവും പരാമർശിക്കുന്നുണ്ട്. റിപ്പബ്ലിക് ടി.വിയെപറ്റി ചില പരാതികൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് മുന്നിലുണ്ടെന്നാണ് പാർത്തോദാസ് ഗുപ്ത വാട്സാപ്പ് ചാറ്റിൽ അർണബിനോട് പറയുന്നത്.
മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി വഴിയാണ് തനിക്കീ വിവരം ലഭിച്ചതെന്നും പാർത്തോദാസ് പറയുന്നു. ഇതിനുമറുപടിയായി അർണബ് പറയുന്നത് ഈ വിവരം പുറത്തുവിടാതെ സൂക്ഷിച്ചിട്ടുള്ളതായാണ് തന്നോട് രാത്തോഡ് പറഞ്ഞതെന്നാണ്. അർണബ് പറയുന്ന രാത്തോഡ് കേന്ദ്ര മന്ത്രിയായിരുന്ന രാജ്യവർധൻ സിങ് രാത്തോഡ് ആണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.