കൊൽക്കത്ത: ബംഗാൾ മന്ത്രിസഭയിലെ മുതിർന്ന അംഗവും തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറലുമായ പാർഥ ചാറ്റർജി അറസ്റ്റിലായതിന് പിന്നാലെ അധ്യാപക നിയമന അഴിമതിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പാർഥ ചാറ്റർജിയുടെ ആളുകൾ തന്റെ ഫ്ലാറ്റിൽ പണം സൂക്ഷിക്കാറുണ്ടെന്നും എന്നാൽ പണം സൂക്ഷിക്കുന്ന മുറികളിലേക്ക് തനിക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്നതിനാൽ തുകയെക്കുറിച്ച് കൃത്യമായ കണക്ക് അറിയില്ലായിരുന്നുവെന്നും കൂട്ടാളിയും നടിയുമായ അർപ്പിത മുഖർജി മൊഴി നൽകിയതായി ഇ.ഡി വ്യക്തമാക്കുന്നു.
ഇ.ഡിയുടെ പല ചോദ്യങ്ങളിൽ നിന്ന് മറുപടി നൽകാതെ പാർഥ ചാറ്റർജി ഒഴിഞ്ഞു മാറിയെങ്കിലും അർപ്പിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചതായി ഇ.ഡി പറയുന്നു. പാർഥ ചാറ്റർജി തന്റെ ഫ്ലാറ്റുകൾ 'മിനി ബാങ്ക്' ആയി ഉപയോഗിച്ചതായി അർപിത വ്യക്തമാക്കുന്നു.
അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള ചിനാർ പാർക്കിലെ അപ്പാർട്ട്‌മെന്റിൽ വ്യാഴാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു. എന്നാൽ, ഈ ഫ്ലാറ്റിൽ നിന്ന് ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെടുത്തതായി അറിവില്ല. ചിനാർ പാർക്കിലെ ഫ്ലാറ്റിലും പണം സൂക്ഷിക്കാൻ സൗകര്യമുണ്ടെന്നാണ് കണ്ടെത്തൽ. ഫ്ലാറ്റിലെ അയൽവാസികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു.
പാർഥ ചാറ്റർജി മുഖ്യ പ്രതിയായ അഴിമതിക്കേസിലെ കൂട്ടാളിയായ അർപ്പിത മുഖർജിയുടെ അപ്പാർട്മെന്റിൽ നിന്ന് വ്യാഴാഴ്ച 27.9 കോടി രൂപയും സ്വർണവും ഇ.ഡി. പിടികൂടിയിരുന്നു. പിടികൂടിയ സ്വർണത്തിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. 10 പെട്ടികളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
കൂടാതെ, രണ്ടു റെയ്ഡുകളിലായി വിദേശ കറൻസികളും 40 പേജുള്ള ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. ഡയറിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് സൂചന. നേരത്തെ അർപ്പിതയുടെ മറ്റൊരു അപ്പാർട്മെന്റിൽ നിന്ന് 21 കോടി രൂപയും സ്വർണവും പിടിച്ചെടുത്തിരുന്നു. തുടർന്ന് ഈ മാസം 23നാണ് ഇരുവരേയും ഇ.ഡി അറസ്റ്റ് ചെയ്തത്.
അഴിമതിക്കേസിൽ അറസ്റ്റിലായ പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തു നിന്നും പാർട്ടി പദവികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നീക്കിയിരുന്നു. ചാറ്റർജി കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, സംരംഭം, വിവര സാങ്കേതികം, വ്യവസായ പുനരുദ്ധാരണം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി മമത ബാനർജി ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.