ശ്രീനഗർ: ജമ്മു- കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പി.ഡി.പി എം.എൽ.എ വഹീദ് പര അവതരിപ്പിച്ച പ്രമേയം നിയമസഭയുടെ ആദ്യ യോഗത്തിൽ ബഹളത്തിനിടയാക്കി. നാഷനൽ കോൺഫറൻസ് മുതിർന്ന നേതാവും ഏഴുതവണ എം.എൽ.എയുമായ അബ്ദുൽ റഹിം റാത്തറിനെ നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പുൽവാമയിൽനിന്നുള്ള എം.എൽ.എയായ വഹീദ് പര പ്രമേയം അവതരിപ്പിച്ചത്.
എന്നാൽ, ബി.ജെ.പിയിലെ 28 എം.എൽ.എമാരും പ്രമേയത്തെ എതിർത്തു. സഭയുടെ ചട്ടങ്ങൾ ലംഘിച്ച് പ്രമേയം കൊണ്ടുവന്ന വഹീദ് പരയെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി എം.എൽ.എ ശാം ലാൽ ശർമ ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങൾ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചതോടെ സഭ തടസ്സപ്പെട്ടു.
അംഗങ്ങളോട് ഇരിക്കാൻ സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രമേയം തന്റെ പക്കൽ എത്തിയിട്ടില്ലെന്നും എത്തുമ്പോൾ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ബി.ജെ.പി എം.എൽ.എമാർ വഴങ്ങായിരുന്നതോടെ നാഷനൽ കോൺഫറൻസ് എം.എൽ.എമാർ അവർക്കെതിരെ തിരിഞ്ഞു. ലഫ്. ഗവർണർ സഭയെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞതോടെയാണ് ബി.ജെ.പി അംഗങ്ങൾ ശാന്തരായത്.
സഭയിലെ ഒരംഗം പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുന്നതായി അറിഞ്ഞിരുന്നുവെന്നും എന്നാൽ, സ്പീക്കർ തെരഞ്ഞെടുപ്പ്, ലഫ്. ഗവർണറുടെ പ്രസംഗം, അനുശോചന പ്രമേയം എന്നിവക്കുശേഷം അവതരിപ്പിക്കുമെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയ 2019 ആഗസ്റ്റ് അഞ്ചിലെ തീരുമാനം ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നതാണ് സത്യം. അംഗീകരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. എന്നാൽ, ഈ വിഷയം എങ്ങനെ അവതരിപ്പിക്കണമെന്നത് ഒരംഗത്തിന് തീരുമാനിക്കാനാവില്ല. കാമറകൾക്കുവേണ്ടി അവതരിപ്പിച്ചുവെന്നല്ലാതെ, പ്രമേയത്തിന് വിലയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ സ്പീക്കറുമായി ചർച്ച ചെയ്ത് പ്രത്യേക പദവി വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു- കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ഉയർന്ന പങ്കാളിത്തം ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ നിയമസഭയുടെ പ്രഥമ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. വിഘടനവാദ വികാരം കാരണം മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പിൽ പൂർണമായും പങ്കെടുക്കാൻ കഴിയാതിരുന്ന പ്രദേശങ്ങളിലും ഇത്തവണ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് പ്രോത്സാഹജനകമാണ്. ജമ്മു- കശ്മീരിന് പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി എല്ലാ ശ്രമവും നടത്തും. എല്ലാ വീടുകളിലും 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്.
ജലവൈദ്യുത പദ്ധതികളെ ഉപയോഗപ്പെടുത്തി 2026ഓടെ ജമ്മു- കശ്മീർ വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.