ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ബംഗാളിനുള്ള ഫണ്ടിന്റെ കടുംപിടിത്തത്തിൽ അയവു വരുത്താനൊരുങ്ങി കേന്ദ്രം. തൃണമൂൽ കോൺഗ്രസിനോട് സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റുകളും തോറ്റതോടെയാണ് ബംഗാളിലെ ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് ഫണ്ട് അനുവദിക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചത്.
ഗ്രാമങ്ങളിലേക്ക് റോഡ് കണക്റ്റിവിറ്റി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗ്രാം സഡക് (പി.എം.ജി.എസ്.വൈ) യോജന പ്രകാരം ബംഗാളിലേക്ക് കെട്ടിക്കിടക്കുന്ന തുക അനുവദിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ചൊവ്വാഴ്ച മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പി.എം.ജി.എസ്.വൈ കൂടാതെ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, പ്രധാനമന്ത്രി ആവാസ് യോജന എന്നിവക്ക് കീഴിലുള്ള ഗ്രാന്‍റുകൾ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് ബംഗാളിന് അനുവദിക്കുന്നത് ഗ്രാമ വികസന മന്ത്രാലയം നിർത്തിയിട്ട് രണ്ട് വർഷത്തിലേറെയായി.
ഫണ്ട് മരവിപ്പിക്കാനുള്ള തീരുമാനം തങ്ങൾക്ക് രാഷ്ട്രീയ ലാഭം നൽകുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചു. പക്ഷേ, ബംഗാളിലത് രാഷ്ട്രീയമായി തിരിച്ചടിച്ചെന്ന് മുൻ രാജ്യസഭാംഗം ജവഹർ സിർകാർ പറഞ്ഞു. ഇത് പുനഃർവിചിന്തനത്തിന് പ്രേരിപ്പിച്ചു. അതുകൊണ്ടാണ് ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായതെന്നും സിർകാർ പറഞ്ഞു. പി.എം.ജി.എസ്.വൈ പ്രകാരം ബംഗാളിന് കെട്ടിക്കിടക്കുന്ന തുക അനുവദിക്കാൻ ചൗഹാൻ ഉത്തരവിട്ടതായി മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
2022 നവംബറിലാണ് 144 റോഡുകൾ നവീകരിക്കുന്നതിനായി കേന്ദ്രം ബംഗാളിന് 343 കോടി രൂപ അവസാനമായി അനുവദിച്ചതെന്ന് ഒരു സംസ്ഥാന ഉദ്യോഗസ്ഥൻ പറഞ്ഞു. പി.എം.ജി.എസ്.വൈ റോഡുകളിൽ ബംഗ്ലാ ഗ്രാമ് സഡക് യോജന എന്നെഴുതിയ ബോർഡുകളോടും കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലെ അതാര്യത പോലുള്ള ക്രമക്കേടുകൾ അല്ലെങ്കിൽ സമാനമായ തരത്തിലുള്ള ലംഘനങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും കാണപ്പെടുന്നുണ്ട്. എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുക സാധ്യമല്ല. മികച്ച സ്കീമുകളിൽപോലും കള്ളപ്പണം ഉണ്ടാകും. എന്നാലത് ഒരു പ്രത്യേക സംസ്ഥാനത്തിന് നൽകുന്ന ഗ്രാന്‍റുകൾ നഷ്ടപ്പെടുത്തുന്നതിന് കാരണമാകില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.