സൈബർ തട്ടിപ്പ് അന്വേഷിക്കാനെത്തിയ ഇ.ഡി സംഘത്തിനു നേരെ ആക്രമണം; നാല് പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ തട്ടിപ്പ് സംഘം താമസിച്ചിരുന്ന സ്ഥലത്ത് റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു. സൗത്ത്-വെസ്റ്റ് ഡൽഹിയിൽ ബിജ്വാസനിലാണ് സംഭവം. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് നിസാര പരിക്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

അഞ്ച് പേരടങ്ങിയ സംഘത്തെ അന്വേഷിച്ച് ബിജ്വാസനിലെ ഫാം ഹൗസിലെത്തിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. നാലുപേരെ ഇ.ഡി സംഘം കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടിരക്ഷപെട്ടു. ഇയാൾക്കു വേണ്ടി ഡൽഹിയിൽ വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്. രാജ്യവ്യാപകമായി തട്ടിപ്പ് നടത്തുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റാണെന്നാണ് ഇ.ഡി പറയുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിനാൽ ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഇ.ഡി മുന്നറിയിപ്പ് നൽകുന്നു.

സൈബർ തട്ടിപ്പുകളിലൂടെ പണം തട്ടിയ അശോക് ശർമയെയും ഇയാളുടെ സഹോദരനെയും കൂട്ടാളികളെയും അന്വേഷിച്ചാണ് ഇ.ഡി സംഘം പരിശോധന നടത്തിയത്. ഫിഷിങ്, ക്യു.ആർ കോഡ് തട്ടിപ്പ്, പാർട്-ടൈം ഓൺലൈൻ ജോലി തട്ടിപ്പ് തുടങ്ങിയ രീതികളിലാണ് ഇവർ പണം തട്ടിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള തട്ടിപ്പും ഇവർ നടത്തിയതായി ഇ.ഡി പറയുന്നു.

Tags:    
News Summary - ED team attacked in Delhi during raids in cyber fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.