ജമ്മുകശ്മീരിലെ 370 ാം വകുപ്പ് റദ്ദാക്കിയതിന് എതിരെ സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കാനിരിക്കെ, പ്രതികരണവുമായി ഐ.എ.എസ് ഓഫിസർ ഷാ ഫൈസൽ. 370 ാം വകുപ്പ് കഴിഞ്ഞ കാല സംഭവമായി മാറിയെന്നും ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ''എല്ലാ കശ്മീരികളെയും പോലെ 370 ാം വകുപ്പ്, എനിക്കും കഴിഞ്ഞ കാല സംഭവമായി തോന്നുന്നു. ഇനിയൊരു തിരിച്ചു വരവില്ല. ഝലം, ഗംഗ നദികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ ലയിക്കുന്നത് നല്ലതിനാണ്. അവ ഇനിയൊരിക്കലും തിരിച്ചൊഴുകില്ല. മുന്നോട്ട് ഒഴുകുകയേ ഉള്ളൂ...''-എന്നാണ് ഷാ ഫൈസൽ ട്വിറ്ററിൽ കുറിച്ചത്.
ഐ.എ.എസ് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഷാ ഫൈസലിനെതിരെ ജമ്മുകശ്മീർ ഭരണകൂടം പൊതുസുരക്ഷനിയമപ്രകാരം കേസെടുത്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കരുതൽ തടങ്കലിലായിരുന്നു അദ്ദേഹം. ഐ.എ.എസ് രാജിവെച്ച് 2019 ജനുവരിയിൽ ജമ്മു കശ്മീർ പീപ്ൾസ് മൂവ്മെന്റ് എന്ന പാർട്ടി രൂപവത്കരിച്ച അദ്ദേഹം പിന്നീട് സിവിൽ സർവീസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
370ാം അനുഛേദം റദ്ദാക്കിയതിന് എതിരെ 2019ൽ ഫൈസൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. 2022 ഏപ്രിലിൽ രാജിപിൻവലിക്കുകയാണെന്ന ഷാ ഫൈസലിന്റെ അപേക്ഷ അംഗീകരിച്ച സർക്കാർ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തു. അതേ മാസം തന്നെ 370ാം അനുഛേദം റദ്ദാക്കിയതിന് എതിരെ ഹരജി നൽകിയ ഏഴുപേരുടെ പട്ടികയിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് കാണിച്ച് ഷാ ഫൈസൽ സുപ്രീം കോടതിയിൽ ഹരജി നൽകുകയും ചെയ്തു. ജൂലൈ 11നാണ് ഈ ഹരജികളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് വാദം കേൾക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.