ന്യൂഡൽഹി: രാഷ്ട്രീയ സ്വയം സേവക് സംഘത്തിനെതിരായ (ആർ.എസ്.എസ്) ലേഖനത്തിന്റെ പേരിൽ തങ്ങൾക്കെതിരെയുള്ള മാനനഷ്ട കേസിലെ നടപടികൾ റദ്ദാക്കണമെന്ന 'മാതൃഭൂമി' പത്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
ആർ.എസ്.എസ് സംസ്ഥാന സെക്രട്ടറി പത്രത്തിനെതിരെ സമർപ്പിച്ച ഹരജിയിൽ അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് തുടങ്ങിയ നടപടികൾ റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.
മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ലേഖനം ആർ.എസ്.എസിന് ജനങ്ങൾക്കിടയിൽ അപകീർത്തിയുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ മതത്തിന്റെ പേരിൽ ശത്രുതയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ചായിരുന്നു ആർ.എസ്.എസ് ഭാരവാഹിയുടെ കേസ്.
ആർ.എസ്.എസിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ലേഖനത്തിനെതിരെ അതിലെ ഒരു അംഗം സമർപ്പിച്ച ഹരജി ഇന്ത്യൻ ശിക്ഷാനിയമം 499 പ്രകാരം നിലനിൽക്കുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി. പരാതി നൽകാൻ ലേഖനത്തിലെ പരാമർശങ്ങൾ ഹരജിക്കാരന്റെ വ്യക്തിപരമായ യശസ്സിനെ ബാധിക്കണമെന്നില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ആർ.എസ്.എസ് കൃത്യമായി തിരിച്ചറിയാൻ പറ്റുന്ന സംഘടനയാണെന്ന് അലഹബാദ് ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധികളുണ്ടെന്ന് കേരള ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.