അരുണ്‍ ജയ്റ്റ്ലിയെ ഡല്‍ഹി ഹൈകോടതിയില്‍ രാം ജത്മലാനി നിര്‍ത്തിപ്പൊരിച്ചു 

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരായ മാനനഷ്ടക്കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി പരാതിക്കാരനായ ജെയ്റ്റ്ലിയെ ഹൈകോടതിയില്‍ നിര്‍ത്തിപ്പൊരിച്ചു. രണ്ടുമണിക്കൂറാണ് മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ജയ്റ്റ്ലിയെ കെജ്രിവാളിനുവേണ്ടി ഹാജരായ ജത്മലാനി വിചാരണ ചെയ്തത്. 50 ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. മാനനഷ്ടക്കേസ് നിലനില്‍ക്കുന്നതല്ളെന്ന വാദമാണ് ഈ ചോദ്യങ്ങളിലൂടെ ജത്മലാനി സ്ഥാപിക്കാന്‍ ശ്രമിച്ചത്.

ജയ്റ്റ്ലി ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് തലവനായിരിക്കെ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നതോടെയാണ് 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തിരിച്ചെടുക്കാനും തിട്ടപ്പെടുത്താനും കഴിയാത്ത മാനഹാനിയാണ് കെജ്രിവാളിന്‍െറ ആരോപണങ്ങള്‍ മൂലമുണ്ടായതെന്ന് ധനമന്ത്രി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദത്തെ എതിര്‍ത്ത രാം ജത്മലാനി തിട്ടപ്പെടുത്താന്‍ കഴിയാത്ത മാനഹാനി എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വ്യക്തിപരമായി താങ്കളുടെ മഹത്വത്തിന് കോട്ടം തട്ടി എന്ന തോന്നലാണോ ഹരജിക്കാധാരം എന്നും അദ്ദേഹം ചോദിച്ചു. കേസ് കൈകാര്യം ചെയ്തിരുന്ന ഡല്‍ഹി സര്‍ക്കാറിന്‍െറ വിജിലന്‍സ് മേധാവി ചേതന്‍ സാങ്കിയെ സ്വാധീനിച്ച് താങ്കള്‍ക്കെതിരായ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ശ്രമം നടത്തിയില്ളേ എന്നും അദ്ദേഹം ചോദിച്ചു. നീതീകരിക്കാവുന്ന ഒരു കാരണവും ഹരജിക്കില്ളെന്ന് ജത്മലാനി ചൂണ്ടിക്കാട്ടി.

താങ്കള്‍ക്ക് നേരിട്ട മാനഹാനിക്ക് എന്തടിസ്ഥാനത്തിലാണ് വിലയിട്ടതെന്ന ചോദ്യത്തിന് അത് തന്‍െറ അഭിമാനത്തിന് വലിയ ക്ഷതമാണ് ഏല്‍പിച്ചതെന്നും അതിന്‍െറ വില ചെറിയ ഭാഗം മാത്രമാണെന്നുമായിരുന്നു മറുപടി. ഇതില്‍ കയറിപ്പിടിച്ച ജത്മലാനി മന്ത്രിക്ക് ഒരു സാമ്പത്തിക നഷ്ടവുമുണ്ടായിട്ടില്ളെന്നും അതുകൊണ്ടാണ് തിട്ടപ്പെടുത്താനാവാത്തത് എന്ന് ഹരജിയില്‍ പറഞ്ഞിരിക്കുന്നതെന്നും വാദിച്ചു. ഇതോടെ സാമ്പത്തികനഷ്ടം ചെറിയ കാര്യമാണെന്ന നിലപാടിലേക്ക് ജയ്റ്റ്ലിക്ക് മാറേണ്ടിവന്നു. കെജ്രിവാളിന്‍െറ ആരോപണം കൊണ്ടുണ്ടായ മാനസികമായ പ്രയാസവും മറ്റും വലുതാണെന്നും സുഹൃത്തുക്കളും മറ്റും ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് ഫയല്‍ ചെയ്തതെന്നും അദ്ദേഹം മറുപടി നല്‍കി. ഈ മറുപടിക്കുശേഷവും താങ്കളുടെ മഹത്വത്തിന് കോട്ടം തട്ടിയെന്ന സ്വയം തോന്നലാണ് ഹരജിയുടെ കാരണമെന്ന വാദം ജത്മലാനി ആവര്‍ത്തിച്ചു. 
 

Tags:    
News Summary - Arun Jaitley Cross-Examined In Open Courtroom By Ram Jethmalani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.