ന്യൂഡൽഹി: മോദിസർക്കാറിന് ആശ്വാസം പകർന്ന ചില ഉത്തരവുകളിലൂടെ ശ്രദ്ധേയനായ സുപ്രീംകോടതി മുൻജഡ്ജി അരുൺ കുമാർ മിശ്ര ഇനി ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളി മിശ്രയുടെയും മറ്റ് രണ്ട് കമീഷൻ അംഗങ്ങളുടെയും പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല സമിതി അംഗീകരിച്ചു. സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസല്ലാത്തയാൾ തലപ്പത്തു വരുന്നത് മനുഷ്യാവകാശ കമീഷെൻറ 27 വർഷത്തെ ചരിത്രത്തിൽ ആദ്യം.
സുപ്രീംകോടതി മുൻജഡ്ജിമാരെയും ഈ സ്ഥാനത്തേക്കു പരിഗണിക്കാൻ പാകത്തിൽ 2019 ഡിസംബറിൽ സർക്കാർ മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്തിരുന്നു. കമീഷൻ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ യോഗ്യരായ അഞ്ചു മുൻ ചീഫ്ജസ്റ്റിസുമാരെ മാറ്റി നിർത്തിയാണ് അരുൺ മിശ്രയുടെ നിയമനം. ഇൻറലിജൻസ് ബ്യൂറോ മുൻഡയറക്ടർ രാജീവ് ജെയിൻ, ജമ്മു-കശ്മീർ ഹൈകോടതി മുൻചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ എന്നിവരെയാണ് മനുഷ്യാവകാശ കമീഷൻ അംഗങ്ങളായി ഉന്നതതല സമിതി നിശ്ചയിച്ചത്. സമിതിയിലെ അഞ്ച് അംഗങ്ങളിൽ ഖാർഗെ ഒഴികെ മറ്റെല്ലാവരും ഭരണപക്ഷത്തു നിന്നാണ്. മോദിക്കു പുറമെ ആഭ്യന്തര മന്ത്രി അമിത്ഷാ, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ്, ലോക്സഭ സ്പീക്കർ ഓം ബിർള എന്നിവർ. സെലക്ഷൻ കമ്മിറ്റി ചേരുന്നതിനു മുമ്പ് ഒരു കൂടിയാലോചനയും കൂടാതെ ചുരുക്കപ്പട്ടിക തയാറാക്കി വന്ന സർക്കാർ നടപടി ഖാർഗെ ചോദ്യം ചെയ്തു.
ദുർബല വിഭാഗങ്ങൾക്കു നേരെയാണ് ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതെന്നിരിക്കേ ദലിത്, ന്യൂനപക്ഷ, പട്ടിക വിഭാഗങ്ങളിൽപെട്ട ഒരാളെപ്പോലും സമിതി പരിഗണിക്കാത്തതും ഖാർഗെ ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുക്കാൻ പാകത്തിൽ ഒരാഴ്ചത്തേക്ക് സമിതി യോഗം മാറ്റണമെന്ന നിർദേശം വിലപ്പോയില്ല. സുപ്രീംകോടതി ജഡ്ജിയായിരിക്കേ തന്നെ, പൊതുചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അരുൺ മിശ്ര വിവാദം ഉയർത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന ആഗോള, പ്രാദേശിക വീക്ഷണമുള്ള നേതാവാണ് മോദിയെന്നായിരുന്നു പരാമർശം. രാഷ്ട്രീയ പ്രാധാന്യമുള്ള പല കേസുകളും അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നിലെത്തിയിരുന്നു. ഭരണത്തിലെ ഉന്നതരുടെ പങ്ക് സംശയിക്കപ്പെട്ട ഗുജറാത്ത് മുൻആഭ്യന്തര മന്ത്രി ഹരിൺ പാണ്ഡ്യയുടെ വധവുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത് അരുൺ മിശ്രയാണ്.
മുൻചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു വിരമിച്ച 2020 ഡിസംബർ മുതൽ മനുഷ്യാവകാശ കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. സുപ്രീംകോടതിയിൽനിന്ന് 2020 സെപ്റ്റംബർ രണ്ടിന് വിരമിച്ചിട്ടും കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമായി ഔദ്യോഗിക വസതി അരുൺ മിശ്ര ഇതുവരെ ഒഴിഞ്ഞിരുന്നില്ല. പുതിയ പദവിയോടെ ഇനി അവിടെ തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.