ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരുന്നും ഡൽഹി സർക്കാറിന്റെ ഭരണം നിയന്ത്രിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയുടെ വിവിധ ഭാഗങ്ങളിലെ വെള്ളവും മലിനജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഉത്തരവിൽ അദ്ദേഹം ഒപ്പിട്ടു. പൊതുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചു. മദ്യനയക്കേസിൽ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
അതിനിടെ, മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ കസ്റ്റഡിയിലെടുക്കാൻ സി.ബി.ഐയും നീക്കമാരംഭിച്ചു. ഇ.ഡി കസ്റ്റഡി അവസാനിക്കുമ്പോൾ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതേ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ‘ഉന്നതരുടെ’ അറസ്റ്റുണ്ടാകുമെന്ന് സി.ബി.ഐയെ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഡൽഹിയിൽ വെള്ളത്തിന്റെ ദൗർലഭ്യമുള്ളിടത്ത് ആവശ്യത്തിന് വാട്ടർ ടാങ്കറുകൾ എത്തിച്ച് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ഇ.ഡി കസ്റ്റഡിയിൽനിന്ന് നൽകിയ ഉത്തരവിൽ ജലമന്ത്രി അതിഷിയോട് കെജ്രിവാൾ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ലെഫ്റ്റനന്റ് ഗവർണറുടെ സഹായം സ്വീകരിക്കണമെന്നും നിർദേശത്തിൽ പറഞ്ഞു.
ഞായറാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ കെജ്രിവാൾ ഒപ്പിട്ട ഉത്തരവ് മന്ത്രി അതിഷി പ്രദർശിപ്പിച്ചു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള കെജ്രിവാളിന്റെ പ്രവർത്തനം അവസാനിക്കില്ലെന്നും ജയിലിൽ കഴിയുമ്പോഴും അദ്ദേഹം ജനങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അതിഷി പറഞ്ഞു. നിങ്ങൾക്ക് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാം, എന്നാൽ, ഡൽഹിയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽനിന്ന് അദ്ദേഹത്തെ തടയാൻ കഴിയില്ലെന്ന് ബി.ജെ.പിക്കാർ മനസ്സിലാക്കണമെന്നും അതിഷി പറഞ്ഞു.
അതിനിടെ, കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ പ്രതിസന്ധി മറികടക്കാനും ഭാവി തീരുമാനങ്ങളെടുക്കാനും ആം ആദ്മി പാർട്ടി നേതാക്കളും പാർട്ടി എം.എൽ.എമാരും ഞായറാഴ്ച ഡൽഹിയൽ യോഗം ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥകിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.പിമാർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.