ന്യൂഡൽഹി: തിരിച്ചുവരുമെന്നും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ഇ.ഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന്‍റെ സന്ദേശം അദ്ദേഹത്തിന്‍റെ ഭാര്യ സുനിത കെജ്രിവാളാണ് വാർത്താസമ്മേളനത്തിൽ വായിച്ചത്.
'പ്രിയപ്പെട്ടവരേ, ഇന്നലെ എന്നെ അറസ്റ്റ് ചെയ്തു. അകത്തായാലും പുറത്തായാലും ഓരോ നിമിഷവും ഞാൻ രാജ്യസേവനത്തിൽ തുടർന്നുകൊണ്ടേയിരിക്കും. എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി സമർപ്പിച്ചതാണ്. ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടിയാണ്. പോരാടാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ഭൂമിയിൽ ജനിച്ചത്. ഇന്നുവരെ ഞാൻ ഏറെ പോരാട്ടങ്ങൾ നടത്തി. വരും ദിവസങ്ങളിൽ വലിയ പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്നതിനാൽ ഈ അറസ്റ്റ് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. നിങ്ങളിൽ നിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചു. ഭാരതം പോലൊരു മഹത്തായ നാട്ടിൽ വീണ്ടും ജനിക്കാൻ കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരുപാട് പുണ്യങ്ങൾ ചെയ്തിട്ടുണ്ടാകണം.
നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്തുന്ന നിരവധി ശക്തികൾ അകത്തും പുറത്തുമുണ്ട്. നാം ജാഗരൂകരായിരിക്കണം. അവരെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും വേണം. കെജ്രിവാൾ അകത്താണല്ലോയെന്നും ഇനി അവർക്ക് 1000 രൂപ നൽകുക ആരാണെന്നും ഡൽഹിയിലെ സ്ത്രീകൾ ആലോചിക്കുന്നുണ്ടാകും. അവരുടെ സഹോദരനെയും മകനെയും വിശ്വസിക്കാൻ ഞാൻ അഭ്യർഥിക്കുകയാണ്. ഏറെക്കാലം അഴികൾക്കുള്ളിൽ കിടത്താൻ ഒരു ജയിലിനുമാകില്ല. ഞാൻ പുറത്തുവരികയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യും. എ.എ.പി അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്; ഞാൻ അകത്താണ് എന്ന കാരണത്താൽ ഒരു സാമൂഹിക സേവന പ്രവൃത്തിയും ഒഴിവാക്കരുത്. ഈ കാരണത്താൽ ബി.ജെ.പിയെ വെറുക്കരുത്. അവരും നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഞാൻ തിരിച്ചുവരും, ജയ് ഹിന്ദ്' -കെജ്രിവാൾ സന്ദേശത്തിൽ പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. മാർച്ച് 28 വരെ കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.