ബി.ജെ.പിക്കാർ നേരത്തേ അറിഞ്ഞു; നോട്ട് പിൻവലിച്ചതിൽ വൻ അഴിമതി- കെജ്രിവാൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറിൻെറ നോട്ട് പിൻവലിക്കൽ തീരുമാനവുമായി ബന്ധപ്പെട്ട് വൻഅഴിമതി നടന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 1000, 500 നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാർ ചില ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആയിരക്കണക്കിന് കോടിയാണ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടത്. വലിയതുകകളുടെ നിക്ഷേപം സംശയം സൃഷ്ടിക്കുന്നതാണ്. എന്നാലിപ്പോൾ ആ  നിക്ഷേപവേഗത കുറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

ചൊവ്വാഴ്ച പ്രധാനമന്ത്രി പുതിയ നീക്കം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബി.ജെ.പി അനുഭാവികൾ ഇക്കാര്യം അറിഞ്ഞിരുന്നു. അവർ തങ്ങളുടെ കള്ളപ്പണം സുരക്ഷിതമാക്കി. നിങ്ങൾ ബാങ്കുകളുടെ നിക്ഷേപ കണക്കുകൾ പരിശോധിക്കുക. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ അവ പെട്ടെന്ന് ഉയരുകയും തുടർന്ന് താഴുന്നതും കണ്ടു. ആരുടെ പണമാണിതെന്നും കെജ്രിവാൾ ചോദിച്ചു.

പഞ്ചാബിലെ ബി.ജെ.പി നേതാവ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് പുതിയ 2,000 രൂപയുടെ നോട്ട്കെട്ടിനൊപ്പം പോസ് ചെയ്ത്  ട്വീറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് പ്രഖ്യാപിച്ച ആ നികുതിപ്പിഴ ഫലം ഉണ്ടാക്കുന്നതല്ല. നിയമം മറികടന്ന് അവർ ഡോളറും സ്വർണവും വാങ്ങിക്കൂട്ടും. ബിനാമികൾ ബ്ലാക്ക് മണിയുായി ബാങ്കിലേക്ക് പോയി അതിനെ വെളുപ്പിക്കുന്നു. വിനിമയം നടത്തുന്നതിന് നിശ്ചിത തുക കമ്മീഷൻ നൽകിയാൽ മതിയാകും. ക്യൂവിൽ നിൽക്കുന്നത് സാധാരണക്കാരൻ മാത്രമാണെന്നും കെജ്രിവാൾ വ്യക്തമാക്കി. അദാനി, അംബാനി, സുഭാഷ് ചന്ദ്ര ബാദൽ അല്ലെങ്കിൽ സാധാരണക്കാരൻ, ഇവരിൽ ആരുടെ കയ്യിലാണ് കള്ളപ്പണം ഉള്ളതെന്നും മോദിയോടും അമിത് ഷായോടും കെജ്രിവാൾ ചോദിച്ചു.

സർക്കാർ തീരുമാനത്തെ വിലകുറച്ചു കാണിക്കാനുള്ള കെജ്രിവാളിൻെറ ശ്രമമാണിതെന്ന് കേന്ദ്രമന്ത്രി സന്തോഷ് കുമാർ ഗെംഗ്വാർ ആരോപിച്ചു. ആരോപണങ്ങൾ തെളിയിക്കാൻ കെജ്രിവാളിന് സാധിക്കുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യമുള്ള ഒരാൾ എന്നതിനപ്പുറം കെജ്രിവാൾ മറ്റൊന്നുമല്ലെന്ന് മുഖ്താർ അബ്ബാസ് നഖ് വിയും പ്രതികരിച്ചു. അദ്ദേഹത്തിൻെറ അഭ്യൂഹങ്ങൾ വെറും തമാശ മാത്രമായാണ് ജനം കാണുന്നതെന്ന് നഖ് വി കുറ്റപ്പെടുത്തി.

Tags:    
News Summary - Arvind Kejriwal Speaks On Demonetisation , Calls It 'Huge Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.