അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി പിൻവലിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ്​ കെജ്രിവാൾ സുപ്രീംകോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു. ഹരജി പിൻവലിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ ​സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് കെജ്രിവാളിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

നിലവിലെ കീഴ്വഴക്കം അനുസരിച്ച് കീഴ്കോടതിയെ സമീപിച്ചതിനു ശേഷം സുപ്രീംകോടതിയിൽ ഹരജി നൽകാനാണ് കെജ്രിവാളിന്റെ തീരുമാനം. അതിന്റെ ഭാഗമായി അറസ്റ്റിനെതിരെ കെജ്രിവാൾ ഇന്ന് കീഴ്കോടതിയിൽ ഹരജി നൽകും.

സമാനകേസിൽ കഴിഞ്ഞാഴ്ച അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിത ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയെ സമീപിക്കാനായിരുന്നു അവർക്ക് ലഭിച്ച നിർദേശം. കവിതയുടെ ഹരജി പരിഗണിച്ച സുപ്രീംകോടതിയിലെ അതേ ബെഞ്ചാണ് കെജ്രിവാളിന്റെ ഹരജിയും പരിഗണിക്കാനിരുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ്, ബോല ത്രിവേദി എന്നിവരാണ് കവിതയുടെ ഹരജി പരിഗണിച്ചത്. കീഴ്കോടതികളിലൂടെയല്ലാതെ ഒരു വ്യക്തിക്ക് ഒരിക്കലും നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനാവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

അതിനിടെ, കെജ്രിവാളിന്റെ ഹരജിക്കെതിരെ ഇ.ഡി തടസ്സ ഹരജി സമർപ്പിച്ചിരുന്നു. കെജ്രിവാളിനെതിരെ തെളിവുണ്ടെന്ന് ഹരജിയിൽ വ്യക്തമാക്കിയ ഇ.ഡി ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Arvind Kejriwal withdraws petition against arrest from Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.