ന്യൂഡൽഹി: ജയിലിന്റെ പൂട്ട് തകർത്താണെങ്കിലും എ.എ.പി നേതാവ് മനീഷ് സിസോദിയ മോചിതനാകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സിസോദിയ സംസാരിക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
''എന്നെ ജയിലിലടക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. എന്നാൽ ഞാൻ ഭഗത് സിങ്ങിന്റെ അനുയായിയാണ്. ജയിലടക്കുമെന്ന ഭീഷണിയിലൊന്നും കുലുങ്ങില്ല. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ 20 വയസുള്ളവരടക്കം നിരവധി പേരാണ് ജീവൻ വെടിഞ്ഞത്. രാഷ്ട്രം ഒരിക്കൽ കൂടി അത്തരത്തിലുള്ള ജീവത്യാഗം ആവശ്യപ്പെടുകയാണ്. ജയിലിനെ ഭയമില്ലാത്തവരെയാണ് രാഷ്ട്രത്തിന് ആവശ്യം. ഞങ്ങൾക്ക് ജയിലറകളെ ഭയമില്ലെന്ന് അഭിമാനപൂർവം പറയാൻ സാധിക്കും''-എന്നാണ് സിസോദിയ പറയുന്നത്.
അവർ എന്റെ വീട് റെയ്ഡ് ചെയ്തു. എനിക്കെതിരായി എന്തെങ്കിലുമൊരു തെളിവ് ശേഖരിക്കാൻ അവർ എന്റെ ഗ്രാമം മുഴുവൻ അരിച്ചുപെറുക്കി. ഒന്നും കിട്ടിയില്ല. ഗുജറാത്തിൽ പ്രചാരണം നടത്തുന്നത് തടയാൻ ഇപ്പോൾ എന്നെ അറസ്റ്റ് ചെയ്യാനാണ് അവരുടെ പദ്ധതി. എന്നാൽ സി.ബി.ഐയെയോ, ഇ.ഡിയെയോ എനിക്ക് ഭയമില്ല. ജയിലറകളെയും ഭയക്കുന്നില്ല. ഭഗത്സിങ് പോലും രാഷ്ട്രത്തിനു വേണ്ടിയാണ് ജയിൽ വരിച്ചത്. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ സിസോദിയ പ്രഖ്യാപിച്ചു. എ.എ.പിയുടെ റോഡ് ഷോയെ പരിഹസിച്ച് ബി.ജെ.പി രംഗത്തുവന്നിരുന്നു. അഴിമതിയുടെ ലോകകപ്പിൽ വിജയി ആയതിന്റെ പ്രകടനമാണിതെന്നായിരുന്നു പരിഹാസം.
വിവാദ മദ്യനയ അഴിമതി സംബന്ധിച്ച് ചോദ്യം ചെയ്യാനായി സിസോദിയയെ സി.ബി.ഐ വിളിപ്പിച്ചിരുന്നു. സിസോദിയക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും രണ്ടാം സ്വാതന്ത്ര്യസമരത്തിന് സമയമായെന്നും അതിനു പിന്നാലെ എ.എ.പി പ്രഖ്യാപിച്ചിരുന്നു. സിസോദിയയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടില്ല.
ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 11 ഓടെ അദ്ദേഹം ഹാജരാകുകയായിരുന്നു. മദ്യനയത്തിൽ അഴിമതി നടന്നിട്ടില്ലെന്നാണ് ആംആദ്മി പാർട്ടി നിലപാട്. സി.ബി.ഐ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും തെളിവുണ്ടെങ്കിൽ സിസോദിയയെ അറസ്റ്റ് ചെയ്യൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തെ വെല്ലുവിളിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ 25 കേന്ദ്രങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.