ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ സിംഗപൂർ യാത്ര റദ്ദാക്കി. സന്ദർശനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ജൂലൈ20 ന് അവസാനിച്ചതോടെയാണ് യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സംഭവത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹി സർക്കാർ പ്രസ്താവനയിറക്കി. യാത്രാനുമതി നൽകുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തിയതാണ് യാത്ര റദ്ദാക്കാൻ കാരണമെന്ന് പ്രസ്താവനയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ സന്ദർശനാനുമതി സംബന്ധിച്ച ഫയൽ ജൂൺ ഏഴിന് തന്നെ ലഫ്റ്റനന്റ് ഗവർണർക്ക് അയച്ചിരുന്നു. ഒന്നര മാസത്തോളം ഫയൽ പരിഗണിക്കാതിരുന്ന ലഫ്റ്റനന്റ് ഗവർണർ ജൂലൈ 21നാണ് ഫയൽ മടക്കി അയച്ചത്. എന്നാൽ അപ്പോഴേക്കും യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു.
ആഗസ്റ്റ് ആദ്യവാരം സിംഗപ്പൂരിൽ നടക്കുന്ന ലോക നഗര ഉച്ചകോടിയിൽ പങ്കെടുക്കാനാണ് കെജ്രിവാളിന് ക്ഷണം ലഭിച്ചത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ കേന്ദ്രം അനുമതി നൽകുന്നില്ലെന്ന് എ.എ.പി നേരത്തെ ആരോപിച്ചിരുന്നു. താൻ കുറ്റവാളിയല്ലെന്നും യാത്രാനുമതി നൽകണമെന്നും കെജരിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഉച്ചകോടിയിലേക്ക് കെജ്രിവാളിനുള്ള ക്ഷണം റദ്ദാക്കിയതായി സിംഗപ്പൂർ അറിയിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. സിംഗപ്പൂർയാത്രയുടെ സമയപരിധി അവസാനിച്ചതിന് ശേഷവും ജൂലൈ 21 ന് സന്ദർശനാനുമതിക്കായി കെജ്രിവാൾ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയതായും കേന്ദ്രം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.