ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഏപ്രിൽ 15 വരെ ഡൽഹിയിലെ തിഹാർ ജയിലിലായിരിക്കും അദ്ദേഹം. തിഹാർ ജയിലിലെത്തുന്ന നാലാമത്തെ എ.എ.പി നേതാവാണ് അദ്ദേഹം. മാർച്ച് 21മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് കെജ്രിവാൾ.
തിഹാറിലെ ജയിൽ നമ്പർ 2 വാണ് കെജ്രിവാളിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. സുഹൃത്തും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജയിൽ നമ്പർ 1 ലും മുൻ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ ജയിൽ നമ്പർ 7 ലും രാജ്യസഭാ എം.പി സഞ്ജയ് സിങ് ജയിൽ നമ്പർ 5 ലും ആണ് കഴിയുന്നത്. ഭാരത് രാഷ്ട്രസമിതി നേതാവ് കെ. കവിതയും ഇതേ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ്. വനിതകളുടെ സെക്ഷനിൽ ആറാംനമ്പർ മുറിയിലാണ് കവിത. ഡൽഹിയിൽ മദ്യത്തിന് ലൈസൻസ് ലഭിക്കുന്നതിന് ആം ആദ്മി പാർട്ടിക്ക് കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പിന്റെ ഭാഗമാണ് കവിതയെന്നാണ് ഇ.ഡിയുടെ ആരോപണം.
രാവിലെ 6.30ഓടെയാണ് ജയിലിൽ തടവുകാരുടെ ഒരു ദിവസം തുടങ്ങുന്നത്. രാവിലെ പ്രഭാതഭക്ഷണമായി ചായയും കുറച്ച് ബ്രഡും ലഭിക്കും. പ്രഭാതകർമങ്ങൾക്കു ശേഷം കെജ്രിവാളിനെ വാദമുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കും. അതല്ലെങ്കിൽ തന്റെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താനും സൗകര്യം നൽകും. 10.30നും 11നും ഇടയിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുക. ദാൽ, സബ്സി, അഞ്ച് റൊട്ടി, അല്ലെങ്കിൽ ചോറ് ഇതായിരിക്കും ഉച്ചഭക്ഷണം. അതിനു ശേഷം വൈകീട്ട് മൂന്നുമണിവരെ തടവുകാരെ സെല്ലിൽ പൂട്ടിയിടും. വൈകീട്ട് 3.30ന് അവർക്ക് ഒരു കപ്പ് ചായയും രണ്ട് ബിസ്ക്റ്റും നൽകും. നാലുമണിക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താം.
രാത്രി ഭക്ഷണം വൈകീട്ട് 5.30ന് വിതരണം ചെയ്യും. അത് കഴിഞ്ഞ് വൈകീട്ട് ഏഴുമണിക്ക് സെല്ലുകൾ പൂട്ടും. കെജ്രിവാളിന്റെ സെല്ലിൽ ടെലിവിഷൻ അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭിക്കും. ഡയബറ്റിക് ആണ് കെജ്രിവാൾ എന്നതിനാൽ തടവറയിൽ സ്ഥിരമായി പരിശോധനകളുണ്ടാകും. ഡയബറ്റിക് ആയതിനാൽ അദ്ദേഹത്തിന് പ്രത്യേക ഡയറ്റ് പിന്തുടരാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചിരുന്നു. ആഴ്ചയിൽ രണ്ടുതവണ കുടുംബാംഗങ്ങളെ കാണാനും കെജ്രിവാളിന് അനുമതിയുണ്ട്. രാമായണം, ശ്രീമത് ഭാഗവതം, നീരജ ചൗധരിയുടെ പുസ്തകം എന്നിവയുടെ കോപ്പികൾവേണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.