നവാബ്​ മാലിക്​

ഇതൊരു തുടക്കം മാത്രം; സമീർ വാങ്കഡെയെ നീക്കിയതിൽ പ്രതികരണവുമായി നവാബ് മാലിക്

മുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിക്കേസിന്‍റെ അന്വേഷണ സംഘത്തിൽ നിന്ന് എൻ.സി.ബി മുംബൈ സോണൽ ഓഫിസർ സമീർ വാങ്കഡെയെ നീക്കിയതിൽ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. ഇതൊരു തുടക്കം മാത്രമാണെന്ന് നവാബ് മാലിക് ട്വീറ്റ് ചെയ്തു.

'ആര്യൻ ഖാന്‍റേത് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്ന് സമീർ വാങ്കഡെയെ നീക്കിയിരിക്കുന്നു. 26 കേസുകളിൽ കൂടി അന്വേഷണം നടത്തേണ്ടതുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. ഈ സംവിധാനത്തെ ശുദ്ധീകരിക്കാൻ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്, ഞങ്ങൾ അത് ചെയ്യും' -നവാബ് മാലിക് ട്വീറ്റ് ചെയ്തു.


ആര്യൻ ഖാന്‍റേത് ഉൾപ്പെടെ സമീർ വാങ്കഡെ അന്വേഷിച്ചിരുന്ന കേസുകൾ എൻ.സി.ബി മുംബൈ സോണിൽ നിന്നും ഡൽഹിയിലെ സെൻട്രൽ സോണിലേക്ക് മാറ്റുകയാണ് ചെയ്തത്. പുതിയ അന്വേഷണ സംഘത്തിൽ സമീർ വാങ്കഡെ ഇല്ല. എൻ.സി.ബി ഓഫിസർ സഞ്ജയ് സിങ്ങിനാണ് അന്വേഷണ ചുമതല. ഇക്കൂട്ടത്തിൽ നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ പ്രതിയായ കേസും ഉൾപ്പെടുന്നുണ്ട്.

ബി.ജെ.പിയുടെ കൈയിലെ പാവയാണ് സമീർ വാങ്കഡെ എന്ന് നവാബ് മാലിക് ആരോപിച്ചിരുന്നു. ഇതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് സമീർ വാങ്കഡെക്കെതിരെ നവാബ് മാലിക്ക് ഉന്നയിച്ചത്. സമീർ വാങ്കഡെ മുസ്ലിമാണെന്നും സംവരണത്തിൽ ജോലി ലഭിക്കാനായി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു. നിരവധി ബോളിവുഡ് താരങ്ങളെ കേസിൽ കുടുക്കുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി വാങ്കഡെ പണംതട്ടിയെന്ന് ആരോപിച്ച മാലിക്, മറ്റൊരു എൻ.സി.ബി ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് തനിക്ക് എഴുതിയ കത്തും പുറത്തുവിട്ടിരുന്നു.

അതേസമയം, തന്‍റെ അഭ്യർഥന പ്രകാരമാണ് കേസുകൾ മാറ്റിയതെന്നാണ് സമീർ വാങ്കഡെ പ്രതികരിച്ചത്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് താൻ ആവശ്യപ്പെടുകയായിരുന്നെന്ന് വാങ്കഡെ പറഞ്ഞു. 

Tags:    
News Summary - aryan khan case Nwab Malik reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.