മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായിട്ട് മൂന്നാഴ്ച തികയുന്നു. നാല് ദിവസം നാര്‍കോട്ടിക്ക് കംട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍ കഴിഞ്ഞ ആര്യന്‍ നിലവില്‍ കൊടും കുറ്റവാളികള്‍ കഴിയുന്ന ആര്‍തര്‍ റോഡ് ജയിലിലാണ്. ആര്യന്റെ ജാമ്യം നീണ്ട് പോകുന്നത് 'മന്നത്തി'ലെ ഉറക്കം കെടുത്തുന്നു.
സിനിമ ചിത്രീകരണങ്ങൾ മാറ്റിവെച്ച് പിതാവ് ഷാറൂഖ് ഖാനും വിദേശ യാത്ര ഒഴുവാക്കി ഇന്‍റീരിയര്‍ ഡിസൈനറായ മാതാവ് ഗൗരി ഖാനും ആര്യന്റെ വരവിനായി കണ്ണീരോടെ കാത്തിരിക്കുന്നു. ഇടക്ക് കോടതിയുടെ നീണ്ട അവധികളാണ് അവരുടെ ആശങ്കയേറ്റുന്നത്. നവമ്പറിലെ ദീപാവലി അവധി മുന്നില്‍ തുറിച്ചു നോക്കുന്നു. നാല് ദിവസത്തെ എന്‍.സി.ബി കസ്റ്റഡിക്ക് ശേഷം ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത അഡീഷണല്‍ ചീഫ്മെട്രൊ പൊളിറ്റന്‍ മജിസ്ട്രേറ്റിന് മുമ്പാകെയാണ് ആര്യന്റെ അഭിഭാഷകര്‍ ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്‍.സി.ബിയുടെ കസ്റ്റഡി അപേക്ഷ തള്ളിയായിരുന്നു മജിസ്ട്രേറ്റ് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍, ജാമ്യം പരിഗണിക്കേണ്ടത് മയക്കു മരുന്ന് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക എന്‍.ഡി.പി.എസ് കോടതിയാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ മജിസ്ട്രേറ്റ് തള്ളി.
സമയം പാഴാക്കാതെ ആര്യന്റെ അഭിഭാഷകന്‍ സതീഷ് മനെ ഷിണ്ഡെ എന്‍.ഡി.പി.എസ് കോടതിയെ സമീപിച്ചെങ്കിലും ദസറ അവധി പ്രതികൂലമായി. രണ്ട് ദിവസം കൊണ്ട് വാദ പ്രതിവവാദം കേട്ട പ്രത്യേക ജഡ്ജി വി.വി പാട്ടീല്‍ ജാമ്യം നിഷേധിച്ച് വിധി പറഞ്ഞത് അഞ്ച് ദിവസത്തെ ദസറ അവധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ്. എന്‍.സി.ബിയുടെ വാദങ്ങള്‍ അംഗീകരിച്ചും ആര്യന്റെ അഭിഭാഷകരുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിയുമാണ് വിധി.
സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്‍റിന്റെ കൈവശം ആറ് ഗ്രാം ചരസുണ്ടെന്ന് ആര്യന് അറിയാമെന്നും അത് കൈവശം വെക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ആര്യന്റെ മയക്കുമരുന്ന് ഉപയോഗവും റാക്കറ്റുമായുള്ള ബന്ധവും വാട്സ് ആപ്പ് ചാറ്റുകള്‍ വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു. മയക്കു മരുന്ന് മുമ്പ് ഉപയോഗിച്ചെന്ന ആര്യന്റെ കുറ്റസമ്മത മൊഴിയും കോടതി കണക്കിലെടുത്തു. കുറ്റസമ്മത മൊഴി പിന്നീട് ആര്യന്‍ നിഷേധിച്ചതാണ്.
എന്‍.ഡി.പി.എസ് കോടതി വിധിക്കെതിരെ അഭിഭാഷകര്‍ ബോംബെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വാദം കേള്‍ക്കല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. തിങ്കളാഴ്ച അപ്പീലില്‍ എൻ.സി.ബി മറുപടി ഫയല്‍ ചെയ്യണം. 30 നുള്ളില്‍ വാദം പൂര്‍ത്തിയാക്കി ഹൈകോടതി വിധി പറഞ്ഞില്ലെങ്കില്‍ അടുത്ത ഒന്നു മുതല്‍ 12 വരെ കോടതിക്ക് ദീപാവലി അവധിയാണ്. തുടര്‍ന്ന് രണ്ടാം ശനിയും ഞായറും. പിന്നെ 15 നാണ് കോടതി തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.