ന്യൂഡൽഹി: കോവിഡ് ബാധ രാജ്യത്ത് എല്ലാ നിയന്ത്രണവും വിട്ട് പെരുകുന്നതിൽ നെഞ്ചുപൊട്ടി ഇൻഷുറൻസ് കമ്പനികളും. രോഗ മുക്തർ പുതുതായി ഇൻഷുറൻസ് പരിരക്ഷക്ക് അപേക്ഷ നൽകിയാൽ മൂന്നു മുതൽ ആറു മാസം വരെ കാത്തിരിക്കാൻ നിർദേശിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് കേസുകളിൽ ആശുപത്രി ബില്ല് നൽകാനും കമ്പനികൾ വിസമ്മതിക്കുന്നതായി വ്യാപക പരാതിയുണ്ട്. കാഷ്ലെസ് സംവിധാന പ്രകാരമുള്ള ഇൻഷുറൻസ് ആണെങ്കിൽ രോഗി ആശുപത്രി വിട്ട് രണ്ടു മണിക്കൂറിനിടെ തുക കമ്പനി നൽകണമെന്നാണ് വ്യവസ്ഥ. ഇത് നൽകുന്നില്ലെന്നാണ് ആക്ഷേപം. രോഗവ്യാപന തോത് കുത്തനെ കൂടുന്ന സാഹചര്യത്തിൽ പുതുതായി കോവിഡ് പോളിസികൾ നൽകാനും കമ്പനികൾ മടിക്കുകയാണ്.
രാജ്യത്തെ കണക്കുകൾ പ്രകാരം 1.87 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 1.53 കോടി പേർ രോഗമുക്തരായി. ഇത്രയും പേർക്ക് കോവിഡിനു ശേഷം ഇന്ഷുറൻസ് കവറേജ് ലഭിക്കാൻ നിർദിഷ്ട കാലാവധി കാത്തിരിക്കണമെന്നാണ് കമ്പനികൾ നിർദേശിക്കുന്നത്. രോഗം മൂലം മറ്റു സങ്കീർണതകൾ ശരീരത്തെ പിടികൂടി ഗുരുതരാവസ്ഥയിലാകുന്ന പക്ഷം വലിയ തുക നൽകേണ്ടിവരുമോയെന്നാണ് കമ്പനികളുടെ ആധി.
കോവിഡ് രണ്ടാം തരംഗത്തിൽ വ്യാപന തോത് കൂടിയെന്നു മാത്രമല്ല, മരണ നിരക്കും ഉയർന്നതാണ് ഇൻഷുറൻസ് കമ്പനികളെ ആശങ്കയിലാക്കുന്നത്.
2021 മാർച്ച് വരെ കോവിഡ് ഇൻഷുറൻസ് െക്ലയിമുകളിൽ 54 ശതമാനമാണ് കമ്പനികൾ പണം നൽകിയത്. 14,608 കോടി നൽകേണ്ടതിൽ 7,900 കോടി. 9,96,804 പേർ കോവിഡ് െക്ലയിമുകൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.