മോദി ചൈനക്കൊപ്പം ഡിസ്കോ കളിക്കുകയായിരുന്നോ?; ‘മുജ്റ’ നൃത്ത പരാമർശത്തിന് മറുപടിയുമായി ഉവൈസി

ന്യൂഡൽഹി: വോട്ട് ബാങ്കിനെ സന്തോഷിപ്പിക്കാന്‍ പ്രതിപക്ഷം മുജ്‌റ നൃത്തമാടുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ ചൈനീസ് പട്ടാളം പിടിച്ചടക്കുമ്പോൾ പ്രധാനമന്ത്രി ചൈനക്കൊപ്പം ഡിസ്കോ നൃത്തമാടുകായിരുന്നോ എന്ന് ഉവൈസി ചോദിച്ചു.

ബിഹാറിലെ പാടലിപുത്ര ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു മോദി ഇൻഡ്യ സഖ്യത്തിനെതിരെ മുജ്റ നൃത്ത പരാമർശം നടത്തിയത്. അതേ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ഉവൈസി മോദിക്ക് മറുപടി നൽകിയത്. ഇതിന്‍റെ വിഡിയോ സഹിതം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നരേന്ദ്രമോദി ജി, നിങ്ങൾ മുജ്‌റയെക്കുറിച്ച് സംസാരിച്ചു, അതിനാൽ അസദുദ്ദീൻ ഉവൈസി നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു, മൂന്നു വർഷമായി ചൈന 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈയടക്കുമ്പോൾ, അവരുടെ സൈന്യത്തെ തടയാൻ മോദി ശ്രമിച്ചില്ല, അന്ന് ചൈനയുമായി ചേർന്ന് ഡിസ്കോ ഡാൻസ് കളിക്കുകയായിരുന്നോ’ -ഉവൈസി എക്സിൽ കുറിച്ചു.

ഇതാണോ ഒരു പ്രധാനമന്ത്രി ഉപയോഗിക്കേണ്ട ഭാഷ? നമുക്ക് സംസാരിക്കാൻ വായ ഇല്ലെന്നാണോ മോദി കരുതുന്നതെന്നും ഉവൈസി ചോദിച്ചു. ഇൻഡ്യ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചിരുന്നു.

‘സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു പുതിയ ദിശാബോധം നൽകിയ മണ്ണാണ് ബിഹാർ. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങളെല്ലാം തട്ടിപ്പറിച്ച് മുസ്ലിംകൾക്കു നൽകാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ പദ്ധതികൾ തകർക്കുമെന്ന് ഈ മണ്ണിൽനിന്ന് പ്രഖ്യാപിക്കുകയാണ്. അവർ വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരും. അവരുടെ വോട്ട് ബാങ്കിനെ സന്തോഷിപ്പിക്കാന്‍ മുജ്‌റ നൃത്തമാടും’ -എന്നാണ് മോദി സംസാരിച്ചത്.

Tags:    
News Summary - Asaduddin Owaisi on PM's ‘mujra’ remark at opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.