ന്യൂഡൽഹി: തന്റെ ഡൽഹിയിലെ വസതിക്കുനേരെ കല്ലേറുണ്ടായതായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. വസതിയിൽ അജ്ഞാതരായ അക്രമികൾ എത്തി കല്ലെറിഞ്ഞ് ജനാലകൾക്ക് കേടുപാടുകൾ വരുത്തിയതായി പൊലീസും അറിയിച്ചു. സംഭവത്തെ തുടർന്ന് ഉശെവസി പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. തന്റെ ഡൽഹിയിലെ വസതിക്ക് നേരെ അജ്ഞാതരായ ചില "ക്രിമിനലുകൾ" കല്ലെറിഞ്ഞതായി അസദുദ്ദീൻ ഉവൈസി പരാതിയിൽ ആരോപിച്ചു. ഡൽഹിയിലെ അശോക റോഡിലെ വസതിയിൽ ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.
വിവരമറിഞ്ഞ് അഡീഷനൽ ഡി.സി.പിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് സംഘം വസതിയിലെത്തി തെളിവെടുപ്പ് നടത്തി. തന്റെ വസതിക്ക് നേരെ ഒരു കൂട്ടം അക്രമികൾ കല്ലെറിയുകയും ജനാലകൾ തകരുകയും ചെയ്തതായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉവൈസി ആരോപിച്ചു.
തന്റെ വീടിനുനേർക്ക് നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നും ഉവൈസി പറഞ്ഞു. "ഇത് നാലാം തവണയാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. എന്റെ വീടിന് ചുറ്റുമുള്ള ഭാഗത്ത് ആവശ്യത്തിന് സി.സി ടി.വി കാമറകളുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടണം" -കത്തിൽ ഉവൈസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.