ഹൈദരാബാദ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെ വിമർശിച്ച് ആൾ ഇന്ത്യ ഇത്തിഹാദുൽ മുസ്‍ലിമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മഹാരാഷ്ട്രയിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്ന് ബി.ജെ.പിയേയും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയേയും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടി മത്സരിക്കുമ്പോൾ അതിനെ ബി.ജെ.പിയുടെ ബി ടീമാണെന്നാണ് കോൺഗ്രസ് പറയുന്നത്. അതുകൊണ്ട് ഇത്തവണ കരയിലിരുന്ന് നാടകം കാണാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ എന്നിട്ടും ഹരിയാനയിൽ അവർക്ക് തോൽവിയുണ്ടായെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.
ഹരിയാനയിൽ തന്റെ സാന്നിധ്യമില്ലാത്തതിനാൽ തങ്ങളുടെ തോൽവിയുടെ കാരണത്തെ കുറിച്ച് കോൺഗ്രസ് ഇപ്പോഴും ആശങ്കയിലാണെന്ന് ഉവൈസി പറഞ്ഞു.
കോൺഗ്രസിന് അവരുടെ നഷ്ടം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഷെർവാണിയിലുള്ള ആ മനുഷ്യൻ ഇവിടെ വന്നിട്ടില്ല. തലയിൽ തൊപ്പിയും താടിയും വെച്ചയാൾ പ്രകോപനപരമായ പ്രസംഗം നടത്താൻ വന്നിട്ടില്ല. ഇവിടെ എങ്ങനെ തോറ്റുവെന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആശങ്കാകുലരാണെന്ന് ഉവൈസി പറഞ്ഞു.
പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടികളേയും ഒരുമിച്ച് കൊണ്ടുവന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായി അസദുദ്ദീൻ ഉവൈസി എൻ.സി.പിയുമായി കോൺഗ്രസുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.