അലഹബാദ്: ബലാത്സംഗക്കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീം സിങ്, ബലാത്സംഗക്കേസിൽ പ്രതിയായി ജയിലിലുള്ള ആശാറാം ബാപ്പു എന്നിവർ വ്യാജ സന്യാസിമാരെന്ന് അഖിൽ ഭാരതീയ അഖാര പരിഷത്ത്.
സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഹിന്ദു സന്യാസിമാരുടെ പരമോന്നതസഭ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, ഗുർമീതും ആശാറാം ബാപ്പുവും വിവാദ സന്യാസി രാംപാലും ഉൾപ്പെടെ 14 വ്യാജന്മാരുടെ പട്ടിക പുറത്തിറക്കിയ അഖാര പരിഷത്ത്, ഇത്തരക്കാരെ ഭക്തർ പിന്തുടരരുതെന്നും ഇവരെ സർക്കാർ നിയമപരമായി നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
ആശാറാം ബാപ്പുവിെൻറ മകനും ബലാത്സംഗക്കേസ് പ്രതിയുമായ നാരായൺ സായിയും പട്ടികയിലുണ്ട്. ഒരുതരത്തിലുള്ള സന്യാസ പാരമ്പര്യവുമില്ലാത്ത ഇത്തരം കപട വേഷക്കാരെ സാധാരണക്കാർ തിരിച്ചറിയണമെന്നും ഇവരുടെ പ്രവർത്തനങ്ങൾ യഥാർഥ സന്യാസിമാരുടെ സൽപേര് കളങ്കപ്പെടുത്തുകയാണെന്നും അഖാര പരിഷത്ത് അധ്യക്ഷൻ സ്വാമി നരേന്ദ്ര ഗിരി പറഞ്ഞു. സ്വയംപ്രഖ്യാപിത ആൾദൈവങ്ങളുടെ ദുർനടപടികൾ വർധിച്ചുവരുന്ന സാഹചര്യത്തിലണ് അഖാര പരിഷത്ത് ഇവർക്കെതിരെ നീങ്ങാൻ തീരുമാനിച്ചത്. 14 അഖാരകളുടെ കൂട്ടായ്മയാണ് അഖിൽ ഭാരതീയ അഖാര പരിഷത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.