ജയ്പൂർ: രാജസ്ഥാനിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നും ഗുജറാത്തിലും രാജസ്ഥാനിലും വിൽക്കലും വാങ്ങലും പൂർത്തിയാവാത്തതിനാലാണ് തെരഞ്ഞെടുപ്പ് വൈകുന്നതെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ജനങ്ങൾക്ക് എല്ലാം മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിലെ ശിവ് വിലാസ് റിസോർട്ടിൽ സർക്കാർ അനുകൂല എം.എൽ.എമാരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘നിങ്ങൾ എത്രകാലം കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തും.? സമയമെത്തുമ്പോൾ കോൺഗ്രസ് അവരെ ഞെട്ടിച്ചാൽ അത്ഭുതപ്പെടാനില്ല. പൊതുജനങ്ങൾക്ക് എല്ലാം മനസ്സിലാക്കാൻ സാധിക്കും. ഇന്നത്തെ യോഗം ഫലപ്രദമായിരുന്നു. എല്ലാവരും ഒറ്റക്കെട്ടാണ്.
രാജ്യസഭ തെരഞ്ഞെടുപ്പ് രണ്ട് മാസം മുന്നേ നടത്താമായിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും വിൽക്കലും വാങ്ങലും പൂർത്തിയായിട്ടില്ല. അതുകൊണ്ട് വൈകി. തെരഞ്ഞെടുപ്പ് ഇപ്പോൾ നടത്താനിരിക്കുകയാണ്. എന്നാൽ സാഹചര്യം സമാനമാണ്.’’ -ഗെഹ്ലോട്ട് പറഞ്ഞു.
തങ്ങളുടെ പാർട്ടി എം.എൽ.എമാരേയും സർക്കാറിനെ അനുകൂലിക്കുന്ന സ്വതന്ത്ര എം.എൽ.എമാരേയും വശീകരിച്ച് സർക്കാറിെന അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് കാണിച്ച് നിയമസഭ ചീഫ് വിപ്പ് മഹേഷ് ജോഷി ബുധനാഴ്ച വിജിലൻസ് ഡയറക്ടർ ജനറലിന് പരാതി നൽകിയിരുന്നു.
രാജസ്ഥാനിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കാനിരിക്കുകയാണ്. 200 അംഗ നിയമസഭയിൽ 107 കോൺഗ്രസ് എം.എൽ.എമാരുടേയും 13 സ്വതന്ത്ര എം.എൽ.എമാരിൽ 12 പേരുടേയും പിന്തുണ കോൺഗ്രസ് സർക്കാറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.