മൂന്ന് മാസം സിംഹങ്ങളെ നിരീക്ഷിച്ചാണ് അശോകസ്തംഭം രൂപകൽപന ചെയ്തത് -വെളിപ്പെടുത്തലുമായി ശിൽപിയുടെ ബന്ധുക്കൾ

ഇൻഡോർ: ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭത്തിന്റെ യഥാർഥ ​രൂപം രൂപകൽപന ചെയ്ത ശിൽപികളുടെ സംഘത്തിലെ ദിനനാഥ് ഭാർഗവ അതിനായി മൂന്ന് മാസത്തോളം സിംഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ. സിംഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ അദ്ദേഹം കൊൽക്കത്തയിലെ മൃഗശാലയാണ് സന്ദർശിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച രൂപമാറ്റം വരുത്തിയ ദേശീയ ചിഹ്നത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതിയിൽ ആലേഖനം ചെയ്ത യഥാർഥ ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്ത സംഘത്തിന്റെ ഭാഗമായിരുന്നു ദിനനാഥ് ഭാർഗവ.

ഉത്തർപ്രദേശിലെ സാരാനാഥിലെ 'ലയൺ കാപ്പിറ്റൽ ഓഫ് അശോക' എന്ന പുരാതന ശിൽപത്തിന്റെ അടിസ്ഥാനത്തിലാണ് അശോക സ്തംഭം രൂപകല്പന ചെയ്തത്. ബി.സി 250 ൽ സ്ഥാപിച്ചതാണ് പ്രസ്തുത ശിൽപം.

"ടാഗോർ സ്ഥാപിച്ച ശാന്തിനികേത​ൻ കലാഭവന്റെ പ്രിൻസിപ്പലും പ്രശസ്ത ചിത്രകാരനുമായ നന്ദലാൽ ബോസിനായിരുന്നു ഭരണഘടനയുടെ യഥാർത്ഥ കയ്യെഴുത്തുപ്രതി രൂപകല്പന ചെയ്യാനുള്ള ചുമതല ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നൽകിയത്. ഇതിൽ അശോക സ്തംഭത്തിന്റെ രൂപം നിർമ്മിക്കാൻ അന്ന് ചെറുപ്പക്കാരനായിരുന്ന ശാന്തിനികേതൻ വിദ്യാർഥി കൂടിയായ തന്റെ ഭർത്താവിനെയാണ് ബോസ് ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ച് സിംഹങ്ങളുടെ ഭാവഭേദങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും അവ എങ്ങനെ ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നുവെന്ന് കാണാനും എന്റെ ഭർത്താവ് മൂന്ന് മാസത്തോളം തുടർച്ചയായി കൊൽക്കത്തയിലെ മൃഗശാല സന്ദർശിച്ചു' -എൺപത്തഞ്ചുകാരിയായ ഭാർഗവയുടെ ഭാര്യ പ്രഭ പിടിഐയോട് പറഞ്ഞു.

സ്വർണ്ണത്തകിടുകൾ ഉപയോഗിച്ച് ഭാർഗവ രൂപകല്പന ചെയ്ത കലാസൃഷ്ടിയിൽ മൂന്ന് സിംഹങ്ങളുടെ വായ അല്പം തുറന്ന് പല്ലുകൾ ചെറുതായി കാണുന്ന രീതിയിലാണു​ള്ളത്. താഴെ "സത്യമേവ ജയതേ" എന്നും സ്വർണ്ണ നിറത്തിൽ എഴുതിയിട്ടുണ്ട്. ഭാർഗവ രൂപകൽപ്പന ചെയ്ത അശോക സ്തംഭത്തിന്റെ പകർപ്പ് ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

അതേസമയം, 'മനോഹരവും ആത്മവിശ്വാസമുള്ളതുമായ അശോകസ്തംഭത്തിലെ സിംഹങ്ങൾക്ക് പകരം ആക്രമണാത്മക ഭാവമുള്ള സിംഹങ്ങളെയാണ് മോദിയുടെ കാർമികത്വത്തിൽ കേന്ദ്രം പുതുതായി സ്ഥാപിച്ചത്' എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ന്യൂഡൽഹിയിലെ നിർമ്മാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലാണ് വെങ്കലത്തിലുള്ള പുതിയ ദേശീയ ചിഹ്നം മോദി അനാച്ഛാദനം ചെയ്തത്. ശിൽപികളായ സുനിൽ ഡിയോറും ലക്ഷ്മൺ വ്യാസും ചേർന്നാണ് ഈ ലോഹ ശിൽപം നിർമ്മിച്ചത്.

എന്നാൽ, ഈ വിവാദത്തോട് പ്രതികരിക്കാൻ കുടുംബം വിസമ്മതിച്ചു. "ഈ വിവാദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല. ചിത്രത്തിലും പ്രതിമയിലും ചെറിയ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്" -അവർ പറഞ്ഞു. ഭരണഘടനയ്ക്കായി അശോകസ്തംഭം രൂപകല്പന ചെയ്ത ഭാർഗവയുടെ സ്മരണ നിലനിർത്താൻ മധ്യപ്രദേശിലെ ഏതെങ്കിലും ആർട്ട് ഗാലറിക്കോ സ്ഥലത്തിനോ മ്യൂസിയത്തിനോ ഭാർഗവയുടെ പേരിടണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നിരവധി നേതാക്കൾ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ആവശ്യം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ബേതുൽ സ്വദേശിയായ ഭാർഗവ 2016 ഡിസംബർ 24 ന് 89ാം വയസ്സിലാണ് മരണപ്പെട്ടത്. 

Tags:    
News Summary - Ashoka stambh National Emblem row: Original designer visited zoo for months to observe lions, says his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.