ന്യൂഡൽഹി: അക്കാദമിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ സർവകലാശാലയായ അശോക വീണ്ടും വിവാദത്തിൽ. പൊതുതെരഞ്ഞെടുപ്പിലെ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതകളിലേക്ക് വിരൽചൂണ്ടി ഗവേഷണപ്രബന്ധം തയാറാക്കിയ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസർ സബ്യസാചി ദാസിന് സർവകലാശാലയിൽനിന്ന് രാജിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ, അശോകയിലെ ത്രിവേദി സെന്റർ ഫോർ പൊളിറ്റിക്കൽ ഡേറ്റ കേന്ദ്രം ഡയറക്ടർ പ്രഫസർ ഗില്ലെസ് വെർണിയേഴ്സും സർവകലാശാല വിടാൻ നിർബന്ധിതനായെന്നാണ് റിപ്പോർട്ട്. ഗില്ലെസ് വെർണിയേഴ്സ് സർവകലാശാല വിട്ടതോടെ പൊളിറ്റിക്കൽ ഡേറ്റ സെന്റർ അതിലെ അംഗങ്ങൾ പിരിച്ചുവിട്ടു. അക്കാദമിക വിദഗ്ധരും മുൻ ചീഫ് ഇലക്ഷൻ കമീഷണറും അടങ്ങുന്നതാണ് ഡേറ്റ സെന്റർ .
‘പ്രഫസർ ഗില്ലെസ് വെർണിയേഴ്സിന്റെ നേതൃത്വത്തിൽ ഡേറ്റ സെന്ററിൽ സേവനമനുഷ്ഠിക്കാൻ ഞങ്ങളെ ഓരോരുത്തരെയും ആകർഷിച്ചത് അതിന്റെ ഊർജസ്വലവും സുപ്രധാനവുമായ അജണ്ടയാണ്.
സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ ആൾ പോകാൻ നിർബന്ധിതരായതിൽ തങ്ങൾ സെന്റർ പിരിച്ചുവിടുകയാണെന്ന്’ അതിലെ അംഗങ്ങൾ അറിയിച്ചു. അക്കാദമിക സ്വാതന്ത്ര്യത്തിലെ ഇടപെടലിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് പ്രഫ. സബ്യസാചി ദാസ് സർവകലാശാല വിട്ടത്. തൊട്ടുപിറകെ സബ്യസാചി ദാസിന് പിന്തുണയുമായി സാമ്പത്തിക ശാസ്ത്രവിഭാഗം പ്രഫസറായ പുലപ്രെ ബാലകൃഷ്ണനും സർവകലാശാലയിൽനിന്ന് രാജിവെച്ചിരുന്നു.
ബി.ജെ.പിയും എതിർപാർട്ടിയും കടുത്തപോരാട്ടം കാഴ്ചവെച്ച മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ജയം സംശയാസ്പദമാണെന്ന് തന്റെ പ്രബന്ധത്തിൽ സബ്യസാചി ദാസ് ചൂണ്ടിക്കാട്ടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.